കവിതകൾ - നീതു കെ.ആർ
**********
1.
എന്നിട്ടും... നീ....
*******
നിന്റെ തിരസ്കാരത്തിന്
കറാമ്പട്ടപ്പൂവിൻ
ശുക്ല ഗന്ധം
വിരക്തിയുടെ കോട്ടമതിലിൽ
ബോഗൻ വില്ലക്കാടുകൾ
ഡിസംബറിൻ
പുളിച്ചു തികട്ടലിൽ
നനുത്ത പുലരികൾ
നാലാം മാസം
ബൗദ്ധ നാടകത്തിൻ
തിരശീല വീഴ്കെ
അലസിയ വിരഹത്തിന്
അഴുകിയ വാക്കിൻ
മഞ്ഞ നിറം
ഹൃദയത്തിന്റെ കാടകത്തിൽ
ഘനീഭവിച്ച ശൂന്യത
ആത്മാവിന്റെ വിള്ളലിൽ
പുഴ തേടിപ്പോയ
വേരിന്റെ നീർക്കെട്ടൽ
എന്നിട്ടും.. നീ
എത്ര വെട്ടിയിട്ടും
ചുരത്താത്ത
നീർമരുതിൻ ചുവട്ടിൽ
ബുദ്ധനാവാൻ ധ്യാനിക്കുന്ന
നിന്നെ നോക്കി
തളിരിലയിൽ
നിരാനന്ദത്തിന്റെ ചിരി
2.
ആനന്ദങ്ങളുടെ വീണ്ടെടുപ്പുകൾ
**********
മരിക്കാൻ തോന്നുന്ന
നേരങ്ങളിൽ
ഒരു കവിത എഴുതി നോക്കൂ...
ആത്മോന്മാദത്തിന്റെ
നീണ്ട ചിറകടിയൊച്ചകളാൽ
അവ പറന്നു പോകും
ജീവിതം മുഷിപ്പെന്ന്
തോന്നുന്ന മാത്രയിൽ
കയ്യിൽ കിട്ടിയ ചായങ്ങളാൽ
ചുമരിനെ സ്നേഹിച്ചു നോക്കൂ ...
മഴവിൽ നിറങ്ങളിൽ അവ
ഊഞ്ഞാലു കെട്ടിത്തരും
ഭീതിദമായ നിസ്സംഗതയാണ്
ഒറ്റപ്പെടലെന്നറിയുന്ന വേളയിൽ
മറന്നു പോയൊരു ഗാനത്തെ
തിരിച്ചെടുക്കൂ...
ഒരായിരം ഉറക്കുപാട്ടുകൾ
നിങ്ങൾക്കായി ആലപിക്കപ്പെടും
അനക്കമില്ലാത്ത ഉടൽ വഴികളിൽ
സാങ്കല്പികമായൊരു
ചിലങ്ക കെട്ടി നോക്കൂ
ചുവടുകൾ പിഴയ്ക്കാത്ത
വേദികൾ ഉണരുന്നത് കാണാം ...
വിരസതയുടെ ഗർത്തങ്ങളിൽ
വീഴുമെന്നറിയുന്ന നിമിഷം
പൊടി പിടിച്ചു പോയ
ഓടക്കുഴലിൽ ഒന്ന്
ചുണ്ടു ചേർക്കൂ
അപരിചിതമായ രാഗങ്ങൾ
അവിടെ കൂട്ടു വരും
ഇരുട്ടാണ് ഇരുട്ടാണ്
ചുറ്റുമെന്ന് കാണുന്ന
നേരത്തിൽ
ഒരു മെഴുകുതിരി വെട്ടത്തിൽ
സ്വന്തം മുഖമൊന്ന്
കണ്ണാടിയിൽ നോക്കൂ
ഇത്രയും ആത്മവിശ്വാസിയായ
ഒരാളെയും
നിങ്ങൾക്കീ ഭൂമിയിൽ
കണ്ടെടുക്കാനാവില്ല.