കവിതകൾ - കല സാവിത്രി
**********
1.
ഒരുക്കം...
****
ഞാനെന്നെ കോറിയിടും ചുവരുകളെ
വെള്ളപൂശി സുന്ദരമാക്കരുതേ
ഞാനെന്നെ അലക്കിവിരിക്കും അയകളെ
പൊരിവെയിലിന്നഴിച്ചു മാറ്റരുതേ
ഞാനെന്നെ നീലംമുക്കിയുണക്കിമടക്കും
കാൽപ്പെട്ടികളിൽ
നാഫ്തലിൻ വിതറി കീടങ്ങളെയകറ്റരുതേ
ഞാനെന്നെ വരച്ചറിയട്ടെ
ഞാനെന്നെ തിരിച്ചറിയട്ടെ
ഞാനെന്നെ കുടഞ്ഞുടുക്കട്ടെ
ഞാനെന്നെ ഞൊറിഞ്ഞുടുക്കട്ടെ
2.
പ്രതീക്ഷ....
*****
കാലമേ ! കരുത്തുറ്റു കാവലായ്
കാലടികൾക്കു തീർത്ഥം തളിക്കുക
തേറ്റ നീട്ടി കൊടുങ്കാറ്റു വീശി നീ
നേർവഴിയെ മറയ്ക്കാതിരിക്കുക
ഇച്ചിറകുകൾക്കില്ലിനി ആയുസ്സ്
ഏതുമാത്രയുമറ്റിതു വീണേക്കാം!
കൂരിരുട്ടത്തുമിന്നിത്തെളിക്കുവാൻ
ശേഷിയറ്റു പിടഞ്ഞുപതിച്ചിടാം
ഭൂമിയെത്ര വിശാലം
വിഹായസ്സും
വിഹഗജാലം കരുതും തരുക്കളും
നോക്കി നിൽക്കവെയാഴ്ന്നുപോം സൂര്യനും
എത്ര വശ്യമീ ലോകനന്മകൾ
പിൻതുടർന്നെത്തും തിന്മകൾ നിശ്ചയം
നന്മയോ നിശ്ചേഷ്ടമങ്ങനെ നിൽക്കയാം
വീണുപോകാതെ കരുത്താർന്നു നേടുക
ഏറെ ദൂരമിനിയില്ല താണ്ടുവാൻ.
3.
പിടപ്പ്....
*****
ഓർമ്മ വരണ്ട വറുതിയിൽ നിന്നേറ്റമീക്കാലമപൂർണ്ണ വൈരുദ്ധ്യങ്ങൾ
കടലുപോലെൻ്റെ ഹൃദയപേശിയങ്ങലയടിപ്പിച്ച പ്രണയ ചാപല്യങ്ങൾ
കരുതിവച്ചൊരാ
കല്ലുപെൻസിലിൻ
മുനയുരക്കുമൊരു
പാറപോലിതാ
പുതഞ്ഞു പൂണ്ടുപോയ്
മനസ്സിലാഴത്തിലായ്
വിടർന്നു പൊന്താത്ത
ഹൃദയ സാരസ്യങ്ങൾ
നിലയുറയ്ക്കാതൊരു
നിഴലുപോലെയും
വലയിൽപൊന്തുന്ന
പരലുപോലെയും പ്രണയപാശക്കുടുക്കിൽ
പിടയലാണതിരു കാണാതെ
ജീവിതപ്പച്ചകൾ...
***********
കല സാവിത്രി :
കവിയും പത്രാധിപകയും നിരൂപകയുമായ കല സാവിത്രി 'കളം' എന്ന സാംസ്‌കാരിക സ്ഥാപനത്തിന്റെ സഹസ്ഥാപകയാണ്. കളം വാർത്താപത്രിക, കളം ന്യൂസ് ഓൺലൈൻ (www.kalamnews.in) എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ. കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ 1964-ൽ ആലപ്പുഴ ജില്ലയിലെ കാവാലത്ത് ആരംഭിച്ച കേരളത്തിലെ ഏറ്റവും പഴക്കമേറിയ തീയറ്റർ സ്ഥാപനം, തിരുവരങ്ങിന്റെ ഇപ്പോഴത്തെ സെക്രട്ടറിയാണ്. തിരുവനന്തപുരം പ്രസ്സ്.ക്ലബിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമ നേടിയിട്ടുണ്ട്.
കവിതകളും, സാഹിത്യ കൃതികളുടെ നിരൂപണങ്ങളും നിരവധി ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാറ്റൂർ രാമകൃഷ്ണന്റെ "ആറാം വിരൽ" എന്ന നോവലിന്റെ നാടകരൂപം രചിച്ചിട്ടുണ്ട്. പ്രഭാവർമ്മയുടെ ശ്യാമ മാധവം കാവ്യരൂപത്തിന് പ്രതിപദ വിവർത്തനവും വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. പ്രശാന്ത് നാരായണന്റെ താജ് മഹൽ എന്ന നാടകത്തിന് സംഭാഷണം എഴുതി.
ആദ്യ കവിതാ സമാഹാരം "കലയുടെ കവിതകൾ" ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചു.
***********