കവിതകൾ - ബിലു പത്മിനി നാരായണൻ

കവിതകൾ - ബിലു പത്മിനി നാരായണൻ
************
1.
നാലായ്പ്പകുത്തത്...
********
ഒറ്റക്കിരുന്ന് കഴിക്കയാണ് ഉച്ചയൂണ്...
ചില്ലുകിണ്ണത്തില്‍ ചിരിവറ്റി അമങ്ങിയ ചോറ്
ചുറ്റും കൂട്ടിരിക്കുന്നു കുഞ്ഞുപാത്രങ്ങളില്‍
രുചിക്കുതകാതെ ഉപദംശങ്ങള്‍...

അപ്പോളോര്‍ക്കുന്നു നിങ്ങളെ, കൂടെപ്പിറന്നോരേ...
പണ്ടു നാം
അറിഞ്ഞുഭക്ഷിച്ചൊരന്നത്തെ...

നാലായ്പ്പകുത്തപ്പോള്‍,
എണ്ണം കുറഞ്ഞാലും
വണ്ണത്തിലെല്ലാം വയറുനിറച്ചത്...
കുട്ടന്‍നായരുടെ പ്രാതല്‍പുട്ടും
കൊക്കന്‍മാപ്പിളയുടെ തേന്‍നിലാവും മുറുക്കും
കുമ്പന്‍ഗ്ലാസ്സില്‍പ്പകര്‍ന്ന്
അച്ചുറൊട്ടിയോ അരിവറുത്തതോമുക്കി
നാം കുടിച്ച ചായവെള്ളവും...

അന്ന്
കൊതികാണിച്ചവസാനം തിന്നാന്‍
ചോറിനുള്ളില്‍ നാം പൂഴ്തിവച്ച വറുത്ത മീന്‍കഷണം പോലെ,
അലിവോടെ വീണ്ടും പകുക്കാന്‍
ഇല്ലാത്തതെന്തോ തേടി
വിരല്‍ വീണ്ടുമിളക്കുന്നു ചേച്ചി...
-എത്ര പണപ്പാകം വന്നിട്ടും
നിലത്തുവീണതെടുത്ത്
തുടച്ചുതിന്നാതിരിക്കാന്‍ മാത്രം മനപ്പാകം
ഇനിയുമെത്താത്ത 'തലക്കു മൂത്തവള്‍'...!

നാലായ് നാലിടത്ത് ചിതറിയെന്നാലും
പെരുകുന്നു നമ്മുടെ കൊറ്റ്...
അപരിചിത രുചികളില്‍
അവരവര്‍ താനേ
നയിച്ചുണ്ടാക്കുമപ്പങ്ങളില്‍,
അമ്മയച്ഛന്‍മാരെ
പോറ്റുന്നൊരൂറ്റത്തില്‍

എങ്കിലുമുടപ്പിറന്നോരേ,
അപരിമിതങ്ങള്‍ തന്‍ അലസസമൃദ്ധിയില്‍
നാം മറന്നുപോകാതിരിക്കട്ടെ,
ഒരു മുട്ടകൊണ്ട് അഞ്ചപ്പമുണ്ടാക്കി
നാം കഴിച്ച
ഒരുച്ചച്ചോറിന്റെ ഓര്‍മ്മ...
പകുത്തുപങ്കിട്ടുകഴിച്ചവര്‍ മാത്രം
അന്നത്തോട് ബാക്കിവെയ്ക്കുന്ന
ആദരവുള്ള ചെറുകൊതി
അമ്പിളിമാമനും പാപ്പമായ്‌ത്തോന്നുന്ന
ആശയുടെ രൂപകം.

2.
നാട്ടുമാഷ്
*****
ഒമ്പതിലുപജില്ലക്ക് മത്സരക്കവിതക്ക്
ഞാനെഴുതിയ കേക തിരുത്തി
‘വെറുതെ’യെന്ന വെറുംവാക്കുവെട്ടി
‘ചെമ്മേ’യെന്ന് ചാരുവായ്ച്ചേര്‍ത്തപ്പോള്‍
യതിഭംഗം തോര്‍ന്ന് കവിത തെളിഞ്ഞു
മന്ത്രവടിയുഴിഞ്ഞപൊലെ
(കേരളവര്‍മ്മക്കാരി സഖാവ് ഗീതേച്ചി പറഞ്ഞു
കേകവേണ്ട, തിര്ത്താത്ത കവിത മതി
വെട്ടിനിരത്താനിനി മാഷിന് കൊടുക്കരുത്)

പിന്നെ
ഒരുതവണ രണ്ട് ബുക്കെന്ന കണക്കില്‍
വീട്ടുലൈബ്രറിയില്‍നിന്ന്
നിലക്കാത്ത പുസ്തകക്കാലം തുടങ്ങി
നാരായണഗുരുവിന്റെ
ചില്ലിട്ട പടത്തിനുതാഴെ
തിണ്ണചാരിയിരുന്ന് മിണ്ടുന്ന മാഷ്
‘വായിച്ചാലും വായിച്ചാലും തീരാത്ത’ മറ്റൊരു പുസ്തകമായി

ഒരു പേരിലൊന്നുമില്ലെന്നോര്‍മ്മിപ്പിച്ച്
ഓരോ ഇടത്തുമുണ്ടായിരുന്നു
ചെറുപറ്റങ്ങല്‍ക്കിടയനെന്നപോലെ
ഒരു വെറുംമാഷ്
ഇടയ്ക്ക് നമ്മാല്‍ച്ചില തലതെറിച്ചവര്‍
മറുപേരിട്ടുവിളിക്കും
-നിത്യഗര്‍ഭിണി, ഡക്ക്, പൊടിഡപ്പി
(ഉണ്ണീക്കുടവയര്‍, ഉലഞ്ഞാടിനടത്തം, ഇത്തിരിക്കുഞ്ഞന്‍‌രൂപം...!)

കഥപറഞ്ഞുദാഹരിക്കുമ്പോള്‍പ്പോലും
സൈനബ, തോമസ്, രാമുവെന്ന്
എത്രയും മതേതരനായിരുന്നു
നട്ടപ്പറവെയിലത്ത്
അമ്മമാരുടെ ഉച്ചയൊഴിവിലേക്ക് വിയര്‍ത്തുവന്ന്
സാക്ഷരതാക്ലാസിലേക്ക്
ആളെച്ചേര്‍ത്തിരുന്നു
പരിഷത്തടുപ്പും ചൂടാറാപ്പെട്ടിയും കൊണ്ട്
അടുക്കളകളെ അരങ്ങാക്കി മാറ്റിയിരുന്നു
പിന്നെ,
പഠിപ്പായി ജോലിയായി
ഇടയ്ക്കുള്ള വരവുകളില്‍
കണ്ടുമുട്ടുമെന്നുറപ്പുള്ള വഴികളില്‍നിന്ന്
തെന്നിമാറിനാം നടന്നു

ചിലരങ്ങനെയാണ്
രുചികളിലുപ്പുപോലെ
ഒരുനുള്ളുചേര്‍ത്താലും
ഉള്ളാകെയലിഞ്ഞ്
നമ്മുട വാഴ്വിനെ
ചവച്ചിറക്കാന്‍ പാകമാക്കും,
ഒരു മുഴുവന്‍ വിഭവമായില്ലെങ്കിലും

വിത്തിന് വെണ്ണീറുടുപ്പുപോലെ
മുളപൊട്ടും‌വരെ നമ്മുടെ കാമ്പിന് കാവലാകും

വളരാത്ത കുഞ്ഞുങ്ങളെപ്പോലെ
അലിവുമസഹ്യതയും നിറച്ച്
നമ്മുടെ യൌവനത്തെ, ഓര്‍മ്മകളെ
നനഞ്ഞ ചിരിയോടെ തീണ്ടിനില്‍ക്കും

കവിതയില്‍ കണക്കില്‍
കാലം കഴിക്കുന്ന ജീവനവിദ്യകളില്‍
നാം നമ്മെ ചിന്തേരുതള്ളിമിനുക്കുമ്പോള്‍
കറതീര്‍ന്നുതെളിയുമെന്നാലും ഇടക്കിടെ
അവര്‍ നട്ട മരത്തിന്റെ കാതല്‍.

3.
വായില്ലാക്കുന്ന്
*******
(1)
നാലും കൂട്ടിമുറുക്കി
നാട്ടു സഭ കൂടിയിരിക്കുമ്പോൾ
രാജാവിനെക്കുറിച്ച്
എരിവാക്കു പറഞ്ഞതിനാണ്
വരരുചിയെ
ഓലയും നാരായവും വാങ്ങി വെച്ച്
ആളയക്കുംനാൾ വരെയിനി
വീട്ടിലിരുന്നാൽ മതിയെന്ന്
കൽപ്പനയായത്....

തിരക്കൊന്നുമില്ലാതെ
പതുക്കെ നടന്നു
അത്ര കാലം കഴിഞ്ഞിട്ടും
അടയാളം കാട്ടി വഴികളെല്ലാം
നീണ്ടു തെളിഞ്ഞു കിടന്നു

പന്ത്രണ്ട് ഉപേക്ഷകളുടെ
അമ്മപ്പാലു കിട്ടാതെ വരണ്ടുണങ്ങിയ
പന്ത്രണ്ട് തൊണ്ടകളുടെ
പേറ്റു ചോര മണക്കുന്ന
കാട്ടു മറവുകൾ, പാറ വിളുമ്പുകൾ
പുഴവക്കുകൾ....

പാക്കനാരെ
പായിൽക്കിടത്തി കേറ്റി വെച്ച
പാറകണ്ടപ്പോൾ
ഇത്തിരി നിന്നു..
" കുഞ്ഞിനു വായുണ്ടോ..?"
"ഉണ്ട് തമ്പ്രാ"
"എന്നാ അവിടെക്കിടത്തിയേക്ക്..
വാ കീറിയതിനൊക്കെ 
ഇരയും കിട്ടും..."

അള്ള പത്തോന്നലമുറയിട്ട
പെറ്റ വയറിൻ്റെ പ്രാക്ക്
നിറുകയിൽ നാരായം പോലെ
വരരുചിയിൽ തറഞ്ഞു.

(2)
വലിയൊരു വാക്കിൻ്റെ പാതിയിൽ
ശബ്ദം നിന്ന വായ പോലെ
വീടിൻ്റെ വാതിൽ തുറന്നു കിടന്നു
സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന
കുറു നാക്കു പോലെ
പഞ്ചമി
കട്ടിളയിലൊട്ടി നിന്നു

കാഴ്ചയിലും കമ്പനങ്ങളിലുമെല്ലാം
ചലനം നിറഞ്ഞു നിന്നു
പക്ഷേ
രണ്ടു ഹൃദയമിടിപ്പുകൾ മാത്രം
കേൾക്കാൻ പറ്റുന്നത്രയും
മറ്റെല്ലാം നിശ്ശബ്ദമായിരുന്നു..

അപ്രതീക്ഷിതനായ അതിഥിക്കായി
തേങ്ങയും മുളകും മസാലകളും
അരവുയന്ത്രങ്ങളിൽ ആഹ്ളാദിച്ചു

യജമാനന് ഇഷ്ടപ്പെട്ട
പുതിന ചേർത്ത
ഇടനേര പാനീയം
നീരു പിഴിയുടെ വായിലൂടെ
അരുമയായി ഒഴുകി വന്നു...

ഇറക്കുമതി ചെയ്ത ഒരു പാത്രംമോറി
ഒരു ശബ്ദവും കേൾപ്പിക്കാതെ
ഇടയ്ക്കൊന്നു കുലീനമായി വിറച്ച്
തനിക്കുള്ളിലടുക്കിയ
പാത്രങ്ങളെയും പിഞ്ഞാണങ്ങളെയും
വെടുപ്പാക്കിക്കൊണ്ടിരുന്നു...

" എല്ലാം വായില്ലാക്കുന്നിലപ്പൻ
തന്നു വിടുന്നതാണ്
അവനവിടെ
ശബ്ദമില്ലാത്ത പൂർണ്ണയന്ത്ര പ്രവർത്തനങ്ങളിൽ 
റിസർച്ചു ചെയ്യുന്നു..."
പഞ്ചമി പറഞ്ഞു..
"ഞാനും പരമാവധി ആംഗ്യ ഭാഷയാണ്..
അമ്മയായിട്ട്   വിധിച്ച
അവൻ്റെ നിശബ്ദതയിലേക്ക്
ഒരൊച്ച പോലും
കൂട്ടിച്ചേർക്കാതെ ശ്രദ്ധിച്ച്.."

കുളിച്ചുണ്ടു, നേരമിരുണ്ടു
ഭ്രഷ്ട ചക്രവർത്തിയുടെ രാത്രി
ബാക്കിയായ ഏകരാജ്യംപോലെ
പഞ്ചമിയെ നെഞ്ചിൽ ചേർത്തു..
എഴുത്താണിത്തുമ്പു  തേടിയ
വിരൽ പിടിച്ച്
അവൾ പറഞ്ഞു
" രണ്ടു ദിവസത്തെ ആശുപത്രിക്കാര്യം..,
അതെന്നേ വലിച്ചെടുത്തു
മുള്ളു പോലത്തെ മൂർച്ചയാണ്
ഓലയെഴുത്തിനിപ്പോൾ
എൻ്റെ കയ്യിൽ അതാണ്....."

    പന്ത്രണ്ടാംപുത്രനെ
    കുടിവെച്ച കുന്ന്
    പലതായിരട്ടിച്ച പറയിപ്പെണ്ണ്
    നെഞ്ചിലുയർന്നു വന്ന്
    വരരുചി വിയർത്തു..
    
താൻ കേൾക്കാതെ പോയ ഒച്ചകളെ
ചെകിടോർമ്മയിൽ തപ്പിക്കിടന്നു
വീടെന്ന വായില്ലാക്കുന്നിനുള്ളിൽ
വാക്കിൻ്റെയപ്പൻ.
*********

Comments

(Not more than 100 words.)