എവൻ ബൊളാണ്ട് കവിതകൾ
വിവർത്തനം : ഐറിസ്
കൈവിട്ട നാട്
(1998)
എനിക്ക് രണ്ട് പെൺമക്കൾ.
ഈ ഭൂമിയിൽനിന്ന് എന്നേക്കുമായി എനിക്ക് വേണ്ടിയിരുന്നവർ.
ഒരുപക്ഷേ എല്ലാമായി.
എനിക്ക് ഒരു തുണ്ട് തറകൂടി വേണമായിരുന്നു.
കുന്നുകൾക്കിടയിൽ കുടുങ്ങിയ ഒരു പട്ടണം. ഒരു നഗരപ്പുഴ.
തനിമചോരാത്തൊരു തുരുത്ത്.
എൻ്റേതെന്ന് എനിക്ക് പറയാനാവുന്നത്. എൻ്റേത് മാത്രം.
അങ്ങനെ കാണാനാവുന്നതും.
അവരിപ്പോൾ വളർന്ന് അകലെയായി.
പ്രണയം ഒരു ഗ്രാമചിത്രമെന്ന് തനിയേ മറഞ്ഞുനിന്ന ഒരിടത്ത്:
കുന്നുകൾ
ഒരു കുഞ്ഞിൻ കൺകളിലെ നിറക്കൂട്ടാകുമിടത്ത്,
എൻ്റെ കുട്ടികൾ വിദൂരതകളായി ചക്രവാളങ്ങളായിപ്പകർന്ന ഇടത്ത്:
ഓർമയും
ഒരന്യനാട്ടുകാരിയായി അലയുകയാണ്.
രാത്രിയിൽ
ഉറക്കവിളുമ്പത്ത്,
ഡബ്ളിൻ ഉൾക്കടൽത്തീരം എനിക്ക് കാണാം.
അതിൻ പാറക്കെട്ടുകളും കരിങ്കൽച്ചുറ്റും,
അന്തിക്ക് തപാൽക്കപ്പൽ* പിൻവാങ്ങവേ
ഇതേകാഴ്ച ഇങ്ങനെത്തന്നെയാകുമോ അവരും കണ്ടത്,
ഞാൻ പതിഞ്ഞ് പറയുന്നു,
അവർക്ക് കൈവിടേണ്ടിവന്ന ഓരോന്നിനും മേലെയായി
നിഴലുകൾ വീഴുകയാണ്
പ്രണയം എന്നേക്കുമായി തുടരുമോ?
എന്നിട്ട്
ആ കപ്പലിൽനിന്ന് കരനോക്കും കൈവരിക്കടുത്ത് ഞാൻ
എന്നെക്കാണുന്നു.
ഒടുവിലായുയരുന്ന ഒരു കൈയ്ക്കായി തിരയുകയാണ്.
അന്നത്തെ കടലാഴങ്ങളിൽ
എനിക്കെന്നെക്കാണാം,
എത്ര പെട്ടെന്നാണ് ഇരുട്ട് വന്നെത്തുന്നത്,
കൈവിട്ടുപോയ ഒരു നാടിനുവേണ്ടി എനിക്കറിയാവുന്ന പേരുകളെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നു:
_അയർലൻ്റ്. വിയോഗം. മകൾ._
-----------------------------------------------
* ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് 1918 ഒക്. 10 ന് ഡബ്ളിൻ ഉൾക്കടലിൽവച്ച് അയർലൻ്റിലെ ആർ എം എസ് ലെൻസ്റ്റർ എന്ന തപാൽക്കപ്പൽ ജർമ്മനി ബോംബിട്ടുതകർത്തു.
564 യാത്രക്കാർ ആ മഹാദുരന്തത്തിൽ കൊല്ലപ്പെട്ടു.
2.
ഉൾപ്പോരുകളുടെ അകത്തളങ്ങൾ
(2007)
I.
അതൊരു മഞ്ഞുകാലമായിരുന്നു, നിറംകെട്ട് കുതിർന്നത്. പകലറുതിയിൽ
നരച്ചിരുണ്ട ചെറുതൈകൾ നിലാവിൽ അനാഥരായിനിന്നു.
'കണ്ടതിൽ സന്തോഷം, ഈ മാംസം നിങ്ങളുടെ സന്തോഷത്തിന് ' എന്ന്
നാട്ടിൻപുറത്തെ ഇറച്ചിക്കടയുടെ ജനാലയിലെ കുറിപ്പ്.
ഞങ്ങൾ വിവാഹിതരായവർഷം തന്നെ എല്ലാം മാറിമറിഞ്ഞു.
അതുകഴിഞ്ഞാണ് ഞങ്ങൾ നഗരാതിർത്തി വിട്ടുപോയത്.
എത്ര ചെറുപ്പം, വിവരക്കേട്, സ്വന്തം ഇന്നലെകളാണ് ചരിത്രമെന്ന് പറയും കാലം.
അയലത്തെ ആണും പെണ്ണും രാവ് നീളുവോളം വഴക്കടിച്ചു,
ഉയർന്നുപൊങ്ങുന്ന, കൂർത്തുതുളയ്ക്കുന്ന, ഒച്ചകളായിരുന്നു അവർക്ക്:
തമ്മിൽ പ്രണയമുള്ളവരുടെ നാൾവഴികളിൽ
എന്നേയ്ക്കുമായൊരു ശരി ഉണ്ടാവില്ല.
2.
ആ മഞ്ഞുകാലത്ത് പെട്ടെന്നാണ് ഞങ്ങളുടെ മരതകദ്വീപ്
എല്ലാരും കാണട്ടെയെന് പഴകിയ മുറിവുകളെല്ലാം വലിച്ച് പുറത്തിട്ടത്:
ഞങ്ങളും അത് കണ്ണാൽക്കണ്ട്
കാരണമറിയാതെ പകച്ചു.
ഉപ്പുചുവയ്ക്കും ചക്രവാളങ്ങൾ, ഡബ്ളിൻ കുന്നുകൾ,
പുഴകൾ, ഉച്ചി നിരപ്പായ മാമലകൾ, വൈക്കിങ്ങ് അധിനിവേശച്ചതുപ്പുകൾ
അറിയാമെന്ന് കരുതിയതെല്ലാം
കൺമുന്നിൽ നടുങ്ങിവിറച്ചു
12 X 15 ൻ്റെ പഴയ ടിവിയിലേക്ക്
അതെല്ലാം വാർന്നുവീണു
നിസ്സംഗമായി, കണ്ണ് തൂവിയ കണ്ണീരോടെ ,
കൊല്ലുകയാണ്, വീണ്ടും വീണ്ടും കൊല്ലുന്നു,
പിന്നെ നിലാവ് പോലെ വിളറിയ ശവദാഹങ്ങളും:
അന്നും പിന്നൊരിക്കലും,
ഞങ്ങൾക്ക് പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
3.
പരിഹാരക്കടമില്ലാത്ത ഓർത്തിരിക്കലാണോ
ഓർമകളടെ ഉറവ ?
അന്നത്തെ അടുക്കളയുടെ വിളറിയ പൂക്കാലവെട്ടത്തിൽ
പേടികൂടാതെ ഞാനിരുന്നെങ്കിൽ, എങ്കിൽ,
എന്തുകൊണ്ടാവാം അയലത്തെ അടുക്കളയുടെ പൂക്കാലവെട്ടം
നാളുകൾ കൊഴിയവേ ഇരുണ്ടുപോകുന്നതും
'നമുക്ക് വേറെ എന്താണ് ചെയ്യാനാകുമായിരുന്നത്?' എന്ന്
അവൾ അവനോട് താണുപോകുമൊച്ചയിൽ
വീണ്ടും പുലമ്പുന്നതും?
4.
നമ്മുടെ അവസരങ്ങളെ നാംതന്നെ തോല്പിച്ചു
അതോ അവ നമ്മെ തിരിച്ച് തോല്പിച്ചോ?
വാഴ് വിൻകാലം വലുപ്പത്തിൽ മുന്നിലും നാമെല്ലാം തീരെച്ചെറിയവരും?
എനിക്കിത് സമ്മതമല്ലെങ്കിൽ പിന്നെന്തിനായി എഴുതിവയ്ക്കണം?
ഞങ്ങൾ ജീവിച്ചു, സന്തോഷിച്ചു, ഒന്നായിത്തന്നെനിന്നു.
കുഞ്ഞുങ്ങൾ പിറന്നു, അവരെ നാമിവിടെ വളർത്തി
അവർ പോയി
നമുക്കുള്ളതും.
ആ ആണും പെണ്ണും, അവരാരെന്ന്
നാമെന്നെങ്കിലും തിരഞ്ഞോ?
അങ്ങനെ തിരയണമെന്നോർത്തോ?
നമുക്കറിയാം. നാമതെല്ലാം എന്നേ അറിഞ്ഞിരുന്നു.
-------------------------------
എവൻ ബൊളാണ്ട് (1944-2020) 'അയർലൻറിലെ ഡബ്ളിനിൽ ജനിച്ചു. ഐറിഷ് സാഹിത്യത്തിലെ മികച്ച എഴുത്തുകാരിയും എഡിറ്ററും അധ്യാപികയുമാണ്.
Object Lessons(1995) ആത്മകഥ. അയർലൻ്റിൻ്റെ സാഹിത്യലോകത്ത് 'സ്ത്രീ', 'കവി' എന്നീ പദങ്ങൾ കൂട്ടിച്ചേർക്കാനാവാത്ത ദ്വന്ദ്വങ്ങളായിക്കണ്ടിരുന്ന കാലത്താണ് ബൊളാണ്ട് കവിതകൾ എഴുതുന്ന സ്ത്രീ എന്നറിയപ്പെട്ടത്. 1996 മുതൽ ഡബ്‌ളിൻ കലാലയങ്ങളിലും സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലും അധ്യാപന - ഗവേഷണ രംഗങ്ങളിൽ സജീവം.
In her own Image(1980), Outside History(1990), In a time of Violence (1994),Against Love Poetry(2001), Domestic Violence(2007), A woman without a Country(2014) എന്നിവ മികച്ച കൃതികൾ.
നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2020 ഏപ്രിൽ 27 ന് അന്തരിച്ചു.