കവിത - സ്റ്റെല്ല മാത്യു *********
അവൻ വരുമ്പോൾ
*********
ഇങ്ങിരിപ്പുണ്ട്,
കാലങ്ങളായി കൽപ്പടവിൽ
വെള്ളമിളക്കത്തിൽ കാൽ നനയ്ക്കുവാനായി.
ഇരുള് ചുമടെടുക്കുന്ന
ഓളപ്പരപ്പിലാണെൻ്റെ ഒഴുക്ക്
കാലൊച്ചകളണയും മുമ്പെ
മിഴി ഉത്സവനിറവായി
മണ്ണ് കോരിത്തരിച്ച്
സ്വയം മറന്ന് ഉറവയായി
ഒരിമ്പം ചോടോടെ
അരിച്ചു കയറുന്നു.
ഒരുണർവിൻ ചുറ്റും
ഖനിയുടെ തണുപ്പ്.
വരുന്നു വരുന്നുവെന്നിതാ
ചെവിടോരം മന്ത്രിക്കുന്നു
വരട്ടെ അടുത്തെത്തട്ടെ
ചോദിക്കാം ഒരു മഴയെ
മടങ്ങിയിരിപ്പൂ
ഒതുക്കംപോലെ
മിഴികളെന്നിൽ പതിയാതിരിക്കുമോ?
തെളിവെട്ടം തിരശ്ശീല മാറുന്നു
ഉടലാകെ കുളിർപ്പുല്ല് തുടുക്കുന്നു.
മഴയാണ്
പെരുമഴയാണ്
കൽപ്പടവും കയറി കുളമെത്തുന്നു.
ഒരൊറ്റ അലയിൽ അതെന്നെ മൂടുന്നു.
എന്നിൽ കുതിച്ചിറങ്ങും
മഴയെ പുതച്ച്
ഇമയെ ശ്വസിച്ച്
ഇരമ്പലിൻ്റെ ഉൾക്കടൽ
തീച്ചൂട് പകർന്ന്
എൻ ആശയെ അവനെഴുതുന്നു.
സുഗന്ധം തന്നിട്ട്
ധൃതിയിൽ മടങ്ങുന്നു.
കാഴ്ചയുടെ
ആ ഒരൊറ്റത്തുള്ളിയിൽ
ഞാൻ മുങ്ങുന്നു.
*********
സ്റ്റെല്ല മാത്യു :
വയനാട് പള്ളിക്കുന്ന് സ്വദേശി.
പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂളിൽ അധ്യാപിക.
'എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു 'എന്ന കവിതാ സമാഹാരത്തിന് തിരുവനന്തപുരം സാഹിതിയുടെ നവ കവിത പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കവിതകൾക്ക്
വ്യാപാര കേരളം പുരസ്കാരം
എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം
ലെനിൻ ഇറാനി പുരസ്കാരം
സാരഥി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ എഴുതി വരുന്നു.
*********