കവിതകൾ - റീന വി

കവിതകൾ - റീന വി

ഓരോ വളവിലും തിരിവിലും

 

റെഡ് സ്റ്റാർ വായനശാലാ വളവിൽ വെച്ച് ബസ്സു കയറുമ്പോൾ ഞാനും ഞാനുമല്ലാതെ

ഒരു പത്തമ്പത്തൊന്ന് നോട്ടങ്ങളെങ്കിലുമുണ്ടായിരുന്നിരിക്കണം.

കൈപ്പത്തി തെളിഞ്ഞു കണ്ട ഇന്ദിരാ സ്മാരക ബസ് ഷെൽട്ടറിൽ വച്ച് ഇരിക്കാനിടം കിട്ടി.

മുടന്തിക്കയറിയ കുന്നിന്റെ പകലിൽ വച്ചെപ്പഴോ

ഞാനും ഞാനും ഒറ്റയ്ക്കാവുന്നു.

 

അമ്പത്തൊന്നു മണങ്ങൾ അപ്രത്യക്ഷമാക്കിയ സന്തോഷത്തിൽ ഞാനെന്റെ മടിയിൽ

തലവച്ചു കിടക്കുന്നു.

 

ഓരംചേർന്ന യാത്രകളെ

ഉമ്മ വച്ചോടിപ്പോകുന്ന സൂര്യകാന്തിപ്പൂക്കൾ

ശ്വാസം പോലെ ചെവിയിലൊട്ടുന്നു.

ഒളിച്ചു കടത്തിയ നോട്ടങ്ങളിൽ

തൊട്ടാവാടിച്ചെടി കൂമ്പുകയും വിടരുകയും ചെയ്യുന്നു.

പുഴയുടെ വിയർപ്പൂറ്റിക്കുടിച്ച സൂര്യൻ മഞ്ഞയുടെ മാർദ്ദവത്തെക്കുറിച്ച് ചിറി തുടക്കുന്നു.

ഭൂമിയിലെ വസന്തത്തെ ഇറുത്തെടുത്ത്

ഞാനെന്റെ മുടിയിൽ ചൂടിക്കുമ്പോൾ

ബസ്സ് മഞ്ഞിലെന്നപോലെ പാട്ടിലുറഞ്ഞുപോവുന്നു.

അന്യോന്യമാഴ്ന്നു പോയ

പല്ലുകളിൽ ചോര കക്കിയ നിറം

സന്ധ്യ പോലെ പടരുന്നു.

 

വാർദ്ധക്യത്തിലേക്ക് ചുരുണ്ട 

കാറ്റ് മാത്രം

എങ്ങോട്ടാണെന്ന് വെറുതെ ചിരിക്കുന്നു.

ഈർഷ്യ മൂത്ത മുൾക്കാടുകളിൽ ഞാൻ എന്നെത്തന്നെ തളളിയിട്ട്

കേട്ടുപരിചയിച്ച 

ആ പഴയ ദേശത്തെ

ഉരുവിടുന്നു.

 

ബസ്സിപ്പോ

ഒരിറക്കത്തിലാണ്

കിതപ്പിന്റെ ടയറൊച്ചയിൽ

അതിന്റെ ശബ്ദം നേർത്തുവരുന്നുണ്ട്.

 

ഇറങ്ങുമ്പോ

നേരത്തെ കണ്ട അമ്പത്തൊന്നു നോട്ടങ്ങളും

വളവുകളിലെവിടയോ മാഞ്ഞു പോയിരിക്കുന്നു.

 

പിന്നോട്ട് നോക്കി കൈപിടിക്കാനാഞ്ഞതാണ്.

അതിന് ഞാനെവിടെ !! എന്നെ കാണാനേയില്ലായിരുന്നു.

 

റീന. വി :

എ.കെ.ജി.എം.ജി എച്ച്.എസ്.എസ്. പിണറായിയിൽ മലയാളം അധ്യാപികയായി ജോലി ചെയ്തു വരുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു. .സി.ആർ.പി. പണിക്കർ കവിതാ പുരസ്കാരം , വിദ്യാരംഗം സംസ്ഥാനതല കവിതാ അവാർഡ്,

കാവൽ കൈരളി കഥ, കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

 പിണറായിയിൽ താമസം.

Comments

(Not more than 100 words.)