ആൺ മലയാളത്തിൽ ഒരാൺപേരിൽതന്നെയാണ് സുഗതകുമാരി എഴുതിത്തുടങ്ങുന്നത് .പിന്നീട് ഏറെക്കാലം മലയാള കവിതയെ സുഗതകുമാരി പിടിച്ചു ചേർത്ത് നിർത്തി . എഴുത്തിനു പുറമെ ഏതു മരം മറിഞ്ഞു വീഴുമ്പോഴും സുഗതകുമാരിയെവിടെ എന്ന് ചോദിക്കുന്ന കാലം . ഏതു പെൺകുട്ടി / സ്ത്രീ നിലവിളിക്കുമ്പോളും ഒപ്പം സുഗതകുമാരി വേണമെന്ന ശാഠ്യം . അത് മലയാളി നിലനിർത്തി. ഇത് അവരുടെ എഴുത്തിനെയും ബാധിച്ചു .സാമൂഹ്യ പ്രതിബദ്ധത ഒരു ബാധ്യതയായി കൊണ്ട് നടക്കേണ്ടി വന്നു . കവിത , കവിത മാത്രമാകാതെ സാമൂഹ്യ രോഷത്തിലേക്കു കടന്നു കയറി . അവരുടെ കാല്പനികതയിൽ ആഴ്ന്ന കാവ്യരീതി ഈ നിലവിളികളിൽ പിടഞ്ഞു .അക്കാലം കേരളത്തിലെ പാരിസ്ഥിതിക ഉണർവിന്റെ കൂടെ കാലമായിരുന്നു .കാടും പുഴകളും സംരക്ഷിക്കാൻ ആളുകൾ ഒരുമ്പെട്ട് ഒരുങ്ങിയിറങ്ങിയ കാലം .അവിടെ സുഗതകുമാരി കവിതയുമായി മുൻനിരയിൽ തന്നെ നിലകൊണ്ടു. പെണ്ണ്, പ്രകൃതി , നിലനിൽപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തി കവിതയോ കരച്ചിലോ സമരമോ എന്ന് തിരിയാതെ കൂടെ കുറെ ജനക്കൂട്ടവും . തോറ്റു പോകുന്ന സമരത്തിന്റെ പടയാളികളാണ് നാം എന്ന് സുഗതകുമാരി തന്നെ ഇടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ സമരങ്ങൾ കാവ്യാത്മകമാക്കുകയും കാവ്യങ്ങൾ സമരഗീതങ്ങളാകുകയും ചെയ്തുകൊണ്ട് മലയാളത്തിൽ സുഗതകുമാരി നിറഞ്ഞു. പരിസ്ഥിതി എന്നാൽ പരിഷത് എന്ന സമവാക്യം തെറ്റിച്ചു ധാരാളം ചെറു സംഘങ്ങൾ ക്ഷുഭിതരായ ചെറുപ്പക്കാരുടെ സർഗ്ഗപരമായ നേതൃത്വത്തോടെ പ്രാദേശികമായി രൂപം കൊണ്ടു . അവിടെ എല്ലാം ഓടി എത്തി കവിത ചൊല്ലി സമരത്തിര പടർത്തി സുഗത കുമാരി . സൈലൻ്റ് വാലി സമരമാണ് ഈ സമരങ്ങളിൽ വലിയ വഴിത്തിരിവുണ്ടാക്കിയത് .
.അവരുടെ കവിതകളിൽ സൈലന്റ് വാലി സമരത്തിന് മുൻപ്, ശേഷം എന്നിങ്ങനെയുള്ള വേർതിരിവ് വ്യക്തമാണ് . ബാലാമണിയമ്മ യാണ് അവർക്ക് തൊട്ടു മുന്നിൽ ഉണ്ടായിരുന്ന കവി .അങ്ങനെയുള്ള തുടർച്ച വേണമെങ്കിൽ പറയാമെങ്കിലും ആഴത്തിൽ കാല്പനികമായ കവിതകളാണ് അവരുടെ കവിത .ഗജേന്ദ്ര മോക്ഷം ,കാളിയമർദ്ദനം തുടങ്ങിയ കവിതകൾ അക്കാലത്തെ പൊതു കാവ്യരീതിയിൽ തന്നെ എഴുതപ്പെട്ടിരുന്നതാണ് .ഒരു സ്വയം നവീകരണത്തിന്റെ വഴിയിലൂടെ ദിവ്യ പ്രേമത്തിലേക്ക് പോകുകയാണ്. കവിതയിൽ നിറയെ കൃഷ്ണനും രാധയും കാടും കാട്ടുവഴികളുമാണ് . കൃഷ്ണനോട് വേണ്ട, വേണ്ട ..എന്ന പരിഭവത്തിലൂടെ പ്രണയം പറയുന്നു.
കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ /അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ /വിടുവേല തീര്‍ക്കാതെ / ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ /കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ /എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍വല്ലവികളൊത്തു നിന്‍ ചാരേ /കൃഷ്ണാ നീയെന്നെയറിയില്ല...
അതുപോലെ എങ്ങും തെറ്റിപ്പോകാതെ നൂറായിരം പണികളിൽ ജന്മം തളച്ചിട്ടു തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ /മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു /എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ /എന്‍റെ ജന്മം ഞാന്‍ തളച്ചു / കൃഷ്ണാ നീയെന്നെയറിയില്ല... (കൃഷ്ണ നീയെന്നെ അറിയില്ല 1977)
ഇങ്ങനെ നിഷേധ പരിഭവങ്ങളുടെ രഥഘോഷങ്ങൾ ഏറെയുണ്ട് സുഗതകുമാരി ക്കവിതകളിൽ .പിന്നെ ജന്മം ഒരു തീരാത്ത തേടലാകുന്നുണ്ട്. ഒരു ഭക്ത മീര ഉള്ളിൽ പാടുന്നു. അവിടെ നിന്ന് ആദ്യത്തെ വനിതാകമ്മീഷൻ അധ്യക്ഷയായും അഭയയുടെയും അത്താണിയുടെയും സ്ഥാപകയായും ഏറെ നടന്നു കഴിയുമ്പോൾ .നിറഞ്ഞമാറിൽ വിങ്ങുന്ന പാലൊലിക്കാതെ നോക്കുക മുറിഞ്ഞ മാറിൽ നിന്നിറ്റിറ്റു ചോര വീഴാതെ നോക്കുക
എന്നിങ്ങനെ കവിതകൾ പുകയുന്നു .പിഴച്ചു പെറ്റവളെക്കുറിച്ചാണ്. ഒളിഞ്ഞു നിൽക്കുന്ന പെഴപ്പിച്ചവൻ കള്ളക്കണ്ണനാവില്ലല്ലോ .
കൊല്ലേണ്ടതെങ്ങനെ ?/ ചിരിച്ച മുഖത്തുനോക്കി അല്ലിൽ തനിച്ചിവിടെയമ്മ തപസ്സിരിപ്പൂ / വല്ലാതെ നോവരുത് ഒന്നുമാത്രം/ എല്ലാം മറക്കുമൊരുറക്കം ...
എന്നിങ്ങനെ സ്വയം ജീവിക്കാൻ ആകാതെ പോകുന്ന കുഞ്ഞിന്റെ 'അമ്മ ആലോചിക്കുന്നു.(കൊല്ലേണ്ടതെങ്ങനെ 1991 )
ഫെമിനിസ്റ്റ്കളാൽ വിമർശിക്കപ്പെട്ട കവിതാവരികളാണ് "തുണ നിൽക്കേണ്ടതാരാണ് /പെണ്ണിന്നാങ്ങളായല്ലയോ ? / അവനേ രിപുവെന്നാകിൽ ദൈവവും വെടിയില്ലയോ .. " '(അമ്മ 1987 )
ഇക്കവിതയിലെ സ്ത്രീയെ പൗരയായിക്കാണാതെ സംരക്ഷിതയാക്കിയിരുത്തുക എന്ന നിലപാടാണ് , വിമര്ശിക്കപ്പെട്ടത് . വേറൊരിടത്തു പറയുന്നുണ്ട് " നിന്റെ കയ്യൊന്നു ഈ നെറുകയിൽ വെക്കുക പതുക്കെ സങ്കടം പോലെ "
അതിക്രമി അദൃശ്യമായിരിക്കുകയൂം ഇര വിലപിച്ചുകൊണ്ടിരിക്കുകയും സാക്ഷിയായൊരാൾ സഹായിക്കുകയും ചെയ്യുന്ന അതിക്രമ ചിത്രങ്ങൾ ആണ് കവിതകളിൽ ഏറെയും വരുന്നത് . അത് ഒരു കാലഘട്ടമാണ്. ഏറെയൊന്നും ഇറങ്ങിച്ചെന്നു പഠനവിധേയമാക്കിയിട്ടില്ലാത്ത കാലവുമാണ് .