ഗതി മാറിയ കാലത്തിൽ ( കവിതാ സമാഹാരം) - വിദ്യമോൾ പ്രമാടം

പുസ്തക പരിചയം
********
ഗതി മാറിയ കാലത്തിൽ ( കവിതാ സമാഹാരം)  - വിദ്യമോൾ പ്രമാടം
***********
പുസ്തകം പരിചയപ്പെടുത്തുന്നുന്നത് 
                  - ഡോ. ആർ. ഭദ്രൻ

കവിതയുടെ അരുണിമ
                 - ഡോ. ആർ.ഭദ്രൻ
************

14-ാം വയസ്സിൽ ഒരു കവിതാസമാഹാരം ഇറക്കുവാൻ ഒരു വിദ്യാർത്ഥിനിക്ക് കഴിയുന്നു എന്നത് മുജ്ജന്മവാസനകളുടെ പ്രകാശനമല്ലാതെ മറ്റെന്താണ്? ഒരു മുതിർന്ന കവിയുടെ വൈവിധ്യമാർന്ന ക്യാൻവാസാണ് ഈ പുസ്തകത്തിൽ കാണുന്നത്. ജീവിതമെന്ന സമസ്യ, ഏകാന്തതയുടെ അർത്ഥം, നാടിനെക്കുറിച്ചുള്ള കാല്പനികാഭിനിവേശം, പ്രകൃതിയുടെ മുഗ്ധസൗന്ദര്യത്തിലേക്കുള്ള നഷ്ടപ്പെടൽ, സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെയുള്ള ധാർമ്മികരോഷം, ജീവിതം ഒരുമയുടെ ഉത്സവമാക്കുവാനുള്ള മനോഭാവം, സ്നേഹത്തിന്റെ അനുഭവാവിഷ്കാരങ്ങൾ, നർമ്മഭാവനകൊണ്ട് നമ്മുടെ ജീവിതത്തിലെ രോഗങ്ങളെ ചികിത്സിക്കാനുള്ള ചുവടുവെയ്പ്പുകൾ, പാരിസ്ഥിതികമായ ആകുലതകൾ, സാമൂഹികമായ ഉൽഘണ്ഠകൾ, ദൈവാന്വേഷണം, ഭാവികാല കവിതാ ജീവിതത്തിന്റെ പ്രകടനപത്രിക -- ഒരു വലിയ കവിയുടേതായ വൈവിധ്യ സൗന്ദര്യമാണ് സമാഹാരത്തിൽ നാം കാണുന്നത്. 

വിദ്യമോൾ ഇനി വായിച്ചും എഴുതിയും ചിന്തിച്ചും വളരുക  മാത്രമേ വേണ്ടൂ  എന്ന് സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോകുമ്പോൾ ബോധ്യമായിട്ടുണ്ട്. ഈ സമാഹാരത്തിലെ ഓരോ കവിതകളും ലഘുവായിതന്നെ പരിശോധിച്ചാലും മേൽപറഞ്ഞ സംഗതികൾ ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ ശില്പം, ഭാഷ, ആഖ്യാനം, ഉള്ളടക്കം, ദർശനം എന്നീ കാവ്യഘടകങ്ങളിൽ ഈ കുട്ടിയുടെ കവിതകൾ സമഗ്രമായി വളരേണ്ടതുമുണ്ട്.

കവിതാഭാഷയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വാക്കുകളാണ് കവിതയുടെ ഉപകരണം എന്നറിയുക. എവിടെയാണോ വാക്കുകൾ അവസാനിക്കുന്നത് അവിടെയാണ് കവിത ആരംഭിക്കുന്നത്. ഭാഷ കവിതയുടെ സാധ്യതയുടെ അടിസ്ഥാനമാണ് എന്ന വിവേകവും ആർജ്ജിക്കേണ്ടതായുണ്ട്. "കവിത എന്നത് ഒരു വർഗത്തിലും ജാതിയിലും ഉൾപ്പെടാത്തതും മറ്റൊന്നിനെയും ആശ്രയിക്കാത്തതും പാരമ്പര്യങ്ങളില്ലാത്തതുമായ ഒരു ഗുണവിശേഷമാണ്," ('കവിതയുടെ സാരം,' പ്രൊഫസർ പി.റ്റി. ചാക്കോ). കവിതയ്ക്ക് പ്രത്യേകമായ എന്തെങ്കിലും സ്വഭാവമോ സത്തയോ ഇല്ലെന്ന് ജോൺ കീറ്റ്സ് പറഞ്ഞതിന്റെ ആന്തരികമായ പൊരുളിതാണ്. എല്ലാ കലകളുടെയും കലാത്മകതയുടെയും ഉള്ളിലെ ഒഴുക്കുമാണ് കവിത. അതായത് കവിത വളരെ സ്വതന്ത്രമായ സഞ്ചാരമാണെന്നറിയുക. അതുകൊണ്ടാണ് ഏറ്റവും ശുദ്ധമായ കലാരൂപമായി കവിതയെ കലയുടെ മർമ്മം കണ്ടവർ കണക്കാക്കുന്നത്.

ഉൽക്കടമായ ധാർമികതയും ദീപ്തമായ  സൗന്ദര്യ ബോധവുമാണ് ഒരു കവിയുടെ അടിസ്ഥാനശക്തി. എന്തിലും സൗന്ദര്യം സൃഷ്ടിക്കുവാനുള്ള ത്രാണി, ഇന്ദ്രിയനിഷ്ഠമായ ഭോഗം, പ്രപഞ്ചത്തിൽ ദൈവം സൃഷ്ടിച്ച ദുരൂഹതകൾ, വ്യക്തിയിലേക്ക് പ്രവേശിക്കുന്ന ദൈവം തന്നെ പതുക്കെ പതുക്കെ നമുക്ക് മറനീക്കി കാണിച്ചു തരുന്നു. അപ്പോൾ അവിടെ സൗന്ദര്യലോകം പൊട്ടിവിടരുന്നു. തത്വചിന്താസുരഭിലമായ മനസ്സും കലാപ്രതിഭയും ഒരുമിക്കവേ,  കവിത പല മാനങ്ങളിലുള്ള പ്രാർത്ഥനപോലെ ലോകത്തിലേക്ക് ഒഴുകുന്നു. പിന്നെ അനശ്വരതയിലേക്കും അനന്തതയിലേക്കും. അങ്ങനെ കവിത ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഈടുവെയ്പായിത്തീരുകയും സംസ്ക്കാരത്തെ ശാക്തീകരിക്കുകയും ചെയ്യുന്നു. ഈ ആശയങ്ങളുടെ ആഴങ്ങൾ അറിയാനും കവിതയിലേക്ക് പുതുതായി പ്രവേശിക്കുന്നവർ ശ്രമിക്കേണ്ടതാണ്.

ഓരോ കവിതയും പരിശോധിക്കാം. പാകത  വന്ന കവിത കളിലേക്ക് വിദ്യമോൾ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് 'ഗതിമാറിയകാലത്തിൽ' എന്ന നിർമ്മിതി. ജീവിതാനുഭവങ്ങളുടെ തിക്തത ശ്ലഥബിംബങ്ങളിലൂടെ കവിത സംവേദനം ചെയ്യുന്നു:

“ചന്ദ്രൻ ഉണങ്ങിയ മരച്ചില്ലയിൽ കിടന്ന് 
മാനത്തെ കോട്ടകളിലേക്ക് നോക്കി 
അവിടെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നില്ല”.

ഇവ്വണ്ണം കവിതയെ സാന്ദ്രീകരിക്കുകയും ഉന്നത  ഭാവനാനിഷ്ഠമായ അപൂർവ്വ കല്പനകൾ മെനയുകയും ചെയ്യുന്ന മിടുക്ക് വിദ്യമോളുടെ ഭാവി കാവ്യജീവിതസാധ്യതകളിലേക്കുള്ള സുനിശ്ചിതമായ സൂചന തന്നെയാണ്.

പരിഭവം പൂണ്ട രാപ്പക്ഷിയെ പാടിയുണർത്തുകയാണ് ഈ കൊച്ചുകവയിത്രി 'രാപ്പക്ഷി നീ പാടുകയില്ലേ' എന്ന കവിതയിൽ. കവയിത്രിയും പാട്ടിലലിഞ്ഞു ചേരുകയാണ്. അതിലൂടെ വസന്തഋതുവും തോറ്റിയുണർത്തപ്പെടുന്നു. വന്ധ്യമായിപ്പോകുന്ന നമ്മുടെ കാലത്തിൽ സംസ്കാരത്തിന്റെ വസന്തഋതു ഉണർത്തുവാൻ കവിത ചേതനയല്ലാതെ മറ്റാരാണ് നമുക്ക് തുണ?  കവിതയുടെ കിനിയൽ സൃഷ്ടിച്ചുകൊണ്ട് ഇത് സാധിച്ചെടുക്കുവാൻ ഈ രചനയ്ക്ക് കഴിഞ്ഞിരിക്കുന്നു. പാകതവന്ന കവിതയുടെ ഗണത്തിൽപ്പെടുന്ന സൃഷ്ടിയാണിതും. ഈറനുടുത്തുവന്ന ഇളംവെയിൽ ഈണം കൊരുക്കുവാൻ ഓടി വന്നു എന്നിങ്ങനെയുള്ള ഉജ്ജ്വലമായ കല്പനകളാലും ധന്യമാണീ കവിത.

ഒറ്റപ്പെട്ട് ഏകാന്തതയുടെ തുരുത്തിലമരുന്നതിന്റെ ഭാവാത്മകത തേടുന്ന കവിതയാണ് 'ചങ്ങാതി'. സ്വത്വാന്വേഷണത്തിന്റെ നാടകം അരങ്ങേറുന്ന വേദിയാണല്ലോ ഏകാന്തതയുടെ തുരുത്ത്. താളാത്മകതയുടെയും സംഗീതത്തിന്റെയും സാധ്യതകൾ തുടിച്ചുനിൽക്കുന്ന കവിതയാണ്  'കേരളം'. ഒരു സംസ്കൃതപദവും ഒരു ദ്രാവിഡപദവും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ഒരു സംബോധന ഈ കവിതയിലുണ്ട്  --  "എൻ മാതൃമണ്ണേ  മലനാടേ," -- ഈ സംബുദ്ധി ഭാഷയുടെ ആഴങ്ങളും സങ്കീർണ്ണതകളും അറിഞ്ഞവരുടെ ഉള്ള് തുടുപ്പിക്കുന്നതാണ്. മാതൃമണ്ണിനെ നോക്കി "ദേവീ" എന്ന് വിളിക്കുവാനുള്ള ഉദാരതയും അനുമോദനാർഹം തന്നെ. എഴുത്തിന്റെ പാകത ഈ സമാഹാരത്തിലെ പല കവിതകളിലും നമുക്ക് കാണാം. വൈലോപ്പിള്ളിയെയും പി.കുഞ്ഞുരാമൻ നായരെയും ഓർമ്മിപ്പിക്കുവിധം എഴുതുവാനും വിദ്യമോളുടെ തൂലികയ്ക്ക് കഴിയുന്നു എന്നത് മഹത്തായ കാര്യം തന്നെയാണ്. 

"നെൽക്കതിർ തലചായ്ക്കും 
വഴിയോരങ്ങളും 
തെങ്ങോലത്തലപ്പുകൾ തലചായ്ക്കും
സുന്ദരമാം തീരഭൂവും"

മുളംതണ്ടിൽ ഈണം കൊരുത്തുകൊണ്ടും കാർമുകിലിൻ തേര് തെളിച്ചുകൊണ്ടും  ഇളം തഴുകലായി വന്ന് മലനാടിനെ കുളിർപ്പിക്കാൻ പവനനോട് അർഥിക്കുകയാണ് 'കേരളം' എന്ന കവിതയിൽ. മലനാട് എന്ന വികാരത്തിന്റെ ചോര കവയിത്രിയുടെ ഞരമ്പിൽ തുടിക്കുകയും ചെയ്യുന്നുണ്ട്. ഭാവ-വികാര-വിചിന്തനങ്ങൾ കവിതയുടെ കലകൊണ്ട് ഒതുക്കിയെടുക്കുവാൻ ഇവിടെ ഈ കലാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

കാറ്റിനെ ഒരു തോഴനായി കാണുവാൻ കഴിയുന്ന ഭാവന ശ്രേഷ്‌ഠം തന്നെയാണ്. അമൂർത്തമായ പ്രകൃതിവസ്തുക്കളിൽ മനുഷ്യത്വാരോപം  നടത്തുന്ന രീതി നാടോടി ക്ലാസ്സിക്കൽ പാരമ്പര്യങ്ങൾ തൊട്ടുതന്നെ ദൃശ്യമാണ്. 'മന്ദമാരുതനോട്' എന്ന കവിതയിൽ ഈ കവിതാഗുണമാണ് അലയടിക്കുന്നത്. കവിതയിലെ മനുഷ്യത്വാരോപത്തിന്റെ ചിഹ്നങ്ങൾ നോക്കുക.

"ഓടിയെത്തി സഹ്യന്റെ 
മടിയിൽ നിന്നും 
കാട്ടിലെ വൻ മരത്തിൽ 
കരിയിലകൾ  പറത്തി 
പുഴയിലേക്കിട്ടുകൊണ്ട് 
കളിച്ചു രസിച്ചു പവനൻ"

എന്നിങ്ങനെ കല്പനകൾ നെയ്തുകൊണ്ടും പലയിടത്തും കൃത്യമായ ക്രിയാപ്രയോഗങ്ങൾ (verb) നടത്തിയും സന്ദർഭങ്ങളെ കവിതാമയമാക്കുവാനുള്ള വിരുതും വിദ്യമോൾ പ്രകടിപ്പിക്കുന്നു.

കവയിത്രി എന്ന കലാകാരിക്ക് ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെ (Compassion) പ്രകാശനമാണ് 'യാചകി' എന്ന കവിതയിൽ നാം കാണേണ്ടത്. വാക്കുകൾ വിന്യസിച്ച് കവിതയുടെ അന്തരീക്ഷം ഉണ്ടാക്കുവാനും കവിതയെ സുരക്ഷിതമാക്കിയെടുക്കാനുമുള്ള  സാമർത്ഥ്യം ഈ രചനയിലുമുണ്ട്.

ചീഞ്ഞുനാറുന്ന രാഷ്ട്രീയവും പോർവിളികളും പാരിസ്ഥിതിക വിനാശനങ്ങളും അധിനിവേശത്തിന്റെ ഗൂഢ നീക്കങ്ങളും ഈ പതിനാലു വയസ്സുകാരിയിൽ നിറയ്ക്കുന്ന ആകുലതകൾ സാമൂഹിക പ്രതിബദ്ധത യുവതലമുറയിൽ നിന്നും ഭീതിദമാംവണ്ണം പോയി മറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഏറ്റവും ഉന്നതമായ ഒരു മൂല്യമായിത്തന്നെ പരിഗണിക്കേണ്ടതാണ്.
'കാലത്തിന്റെ ശബ്ദമാറ്റം' പോലുള്ള ചില വലുപ്പമുള്ള കവിതകൾ എഴുതുമ്പോൾ, കേന്ദ്രീ കരണവും സാന്ദ്രതയും നഷ്ടപ്പെടുന്നു എന്നതാണ് വിദ്യാമോളുടെ കവിതാ നിർമാണത്തിലെ ഒരു പ്രധാന ന്യുനത. വലിയ കാൻവാസിലേക്ക് പോയി ഭാവ-വികാര-വിചിന്തനകൾ പിടിച്ചെടുത്തു സുരക്ഷിതമാക്കുന്നതിന്റെ ബുദ്ധിമുട്ടാണിത്. പരിചയം കൊണ്ടും പരിശീലനം കൊണ്ടും ഈ കൊച്ചു കവയിത്രിക്കു   ഇത് അതിജീവിക്കാൻ    
കഴിയുകയും ചെയ്യും. ആത്മീയതയുടെ ധാര  കൊണ്ട് തകരുന്ന മൂല്യങ്ങളെ വിശുദ്ധമാക്കിയെടുക്കാം എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെട്ടവും കവിതയിലില്ലേ എന്നാലോചിച്ചു പോകുകയാണ്.
പ്രകൃതിയിലെ മനോന്ജന വസ്തുക്കളോടുള്ള അന്യാദൃശ്യമായ സൗന്ദര്യവിദ്യാമോളുടെ കവിതകളിൽ ഉണ്ട്. 'അമ്പിളിമാമൻ', 'മാനത്തെ മഴവില്ല്', 'മഴ', 'മഴവില്ല്'   തുടങ്ങിയ കവിതകളിൽ    പ്രകൃതിവസ്‌തുക്കളോടുള്ള നിർലോഭമായ സൗഹൃദമാണ് പ്രകടമാകുന്നത്.  

"താരങ്ങൾ നിറയും നേരത്തു
രാജാവായ നീ നിൽക്കുമ്പോൾ
നിന്നെക്കാണാൻ എന്തുരസം!"
അഭിവൃദ്ധി പ്രാപിച്ച ചന്ദ്രന്റെ സൗന്ദര്യം ഉള്ളാലെ ആസ്വദിക്കുമ്പോഴും ചന്ദ്രന്റെ അനുക്രമമായ ക്ഷയത്തെകുറിച്ചുള്ള ഒരോർമ   കൂടി  ഈ കല്പന കവിതയിൽ ധ്വനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.  അത് ജീവിതത്തിന്റെ ദാര്ശനികതയിലേക്കുള്ള  ഒരു  നോട്ടവും ആകാം. 

"നിന്നെക്കാണാൻ കൊതിയാണ്
എന്നുള്ളിലേറെ കൊതിയാണ്
എന്നോടൊപ്പം കൂടാമോ?
 ഇത്തിരിനേരം നിൽക്കാമോ?"
എന്ന് ചോദിക്കുമ്പോൾ, അത്യുദാത്തമായ സൗഹൃദത്തിന്റെ ഉടമ്പടിയാണ് ഇവിടെ വിരിയുന്നത്. മനുഷ്യൻ അവന്റെ എല്ലാ ഇന്ദ്രിയശക്തികൊണ്ടും അതിന്ദ്രീയ ശക്തികൊണ്ടും പ്രകൃതിയിലേക്ക് നഷ്ടപ്പെടുമ്പോഴാണ് അവൻ അവന്റെ സൃഷ്ടാവിന്റെ മഹിമയുടെ മടിത്തട്ടിലാകുന്നത്. ഈശ്വരതുല്യമായ കവി ചേതന ഈശ്വരനിലേക്ക് മടങ്ങുന്നതിന്റെ വിശുദ്ധവഴികൂടിയാണിത്. 

മഴയെക്കുറിച്ച് ഉജ്ജ്വലമായ പല കവിതകളും മലയാളത്തിലുണ്ടായിട്ടുണ്ട്. എന്തായാലും എട്ടുവരികൾ കൊണ്ട് മഴയുടെ മനോഹരമായ  ഒരു യാഥാർത്ഥ്യം വാക്കുകൾ കൊണ്ട്  സ്ഥാപിച്ചെടുക്കുകയാണ് 'മഴ' എന്ന കവിതയിൽ വിദ്യാമോൾ. താളാത്മക സാധ്യതകൊണ്ടും ഗദ്യം കൊണ്ടും കവിതയിൽ വിജയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഈ പതിനാലുവയസ്സുകാരി  ഇപ്പോഴേ  സ്വായത്തമായിരിക്കുന്നു എന്നത് എത്രയോ അനുമോദനാർഹമാണ്. നമ്മുടെ കൺമുമ്പിൽ മഴ ശക്തമായി വന്നു  ചിന്നിച്ചിതറി പിന്നെ തുള്ളിക്കൊരുകുടമായി പെയ്ത് പിന്നെയും ചിന്നിച്ചിതറി മറയുന്നതിന്റെ ചേതോഹരമായ  പിടിച്ചെടുക്കലാണ് ഈ രചന. മഴയുടെ ഒരു താളം കവിതയും ഏറ്റെടുത്തിരിക്കുന്നു. 

'തത്തമ്മപ്പെണ്ണിനോട് ഒരു ദിവസം' എന്ന കവിത തുടങ്ങുന്നത് തത്തമ്മപ്പെണ്ണിനോട് വിശേഷങ്ങൾ ചോദിച്ചുകൊണ്ടാണ്. പിന്നീടത് മനുഷ്യരാശിയുടെ അപചയങ്ങൾക്കെതിരെ പടച്ചട്ടയണിയുവാനുള്ള ആഹ്വാനമായി വളരുകയാണ്. മണ്ണിനും മഴവില്ലിനും വിലപറയുന്ന, പണത്തിനും അധികാരത്തിനും നേരെ പായുന്ന, ഭൂമിയെ വീണ്ടും കൊല്ലാതെ കൊല്ലുന്ന കുത്സിതമനോഭാവങ്ങൾക്കെതിരെയുള്ള ഒരു കുരുക്ഷേത്രയുദ്ധത്തിന്റെ കാഹളമായി കവിത വഴി മാറുന്നു.

ഈ സമാഹാരത്തിൽ പേരിടാതെ എഴുതിയ ഒരു കവിതയുണ്ട്.  സംഘോത്സവത്തിന്റെ   ആമോദം അണപൊട്ടിയൊഴുകുകയാണിവിടെ. ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടുന്ന സംഘജീവിതത്തിന്റെ ലഹരിയിലേക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ രചന, വേനൽക്കളികളും ഏപ്രിൽഫൂൾ കളികളും, വിഷുക്കളികളും എല്ലാം ഒരുമിച്ച് ഒരുമിച്ച് കളിച്ച് ജീവിതത്തെ ഒരുമയുടെ ഉത്സവമാക്കുന്നതിനുള്ള പാഠം നിർമ്മിച്ച് കാണിക്കുകയാണിവിടെ. വൈരാഗ്യത്തെയും ശത്രുതയെയുമൊക്കെ ഉച്ചാടനം ചെയ്യേണ്ടതിന്റെ രാജമാർഗവും കവിതയിൽ തെളിഞ്ഞു വരുന്നു.

നാലുവരികളുള്ള ഒരു കവിതയാണ് 'എൻ സഖി'. ഈ കവിതയിലൂടെ ഒരു സുന്ദരിപ്പെണ്ണിനെ വാക്കുകളിലൂടെ വരച്ചെടുക്കുകയാണ്. ഈ കവിതയിലെ പനിനീർപൂവിൻമണം, താമരപ്പൂവിൻ നിറം, തുമ്പപ്പൂവിൻ ചിരി, എന്നീ കല്പനകളെല്ലാം  നേരത്തെ തന്നെ കവികൾ സൃഷ്ടിച്ചിട്ടുള്ളതാണ്.  എങ്കിലും അതെല്ലാം ചേർത്തിട്ടു പറയൂ  "നീയെൻ സഖിയല്ലേ?" എന്നൊരു ചോദ്യം കൂടി അതിനോട് ഘടിപ്പിച്ചു കഴിഞ്ഞപ്പോൾ  കവിത സ്നേഹബന്ധത്തിന്റെ അമൂല്യമായ കാന്തിയിലേക്കു പറന്നുയരുന്നു. സ്നേഹോദിഗ്നതയാണ് ഇവിടെ കവിതയായി പുഷ്പ്പിക്കുന്നത്. 

പത്താം  ക്‌ളാസിൽ പഠിക്കുന്ന കുട്ടിയുടെ സാധ്യതകൾക്കൊക്കെ അപ്പുറം നിൽക്കുന്ന കവിതയാണ് 'ജീവിച്ചു മരിച്ചപ്പോൾ'.  പുതിയ കലാജീവിതത്തിന്റെ രീതികളും സ്വഭാവങ്ങളും ശൈലികളും തനതു ജീവിതത്തെ എങ്ങനെ തകർത്തു കളയുന്നു എന്നതിന്റെ ഉജ്ജ്വല കവിതാവിഷ്കാരമാണ് ഈ രചന. 

പുതിയ കലാജീവിതത്തിന്റെ ചതിക്കുഴിയിൽ വീണു വ്യക്തിചേതനക്കു എങ്ങനെ ഇല്ലായ്മ സംഭവിക്കുന്നുവെന്നു എന്നതിലേക്കുള്ള അന്വേഷണങ്ങളായി  കവിത വഴി മാറുകയാണ്. കമ്പ്യൂട്ടർ ഗെയിം ഷോകളിലും കൊക്കകോളായിലും ഫാഷൻ ഭ്രമങ്ങളിലും സായംസന്ധ്യകളിലെ സീരിയലുകളിലും അകപ്പെട്ട് നമ്മുടെ യുവത്വത്തിന് ജീവിതത്തിന്റെ നൈസര്ഗികത എങ്ങനെ അന്യമാകുന്നു എന്ന് നർമ ഭാവന ഉപയോഗിച്ചുകൊണ്ട് അടയാളപ്പെടുത്തുകയാണ്.  

"കംപ്യൂട്ടർ ഗെയിം ഷോ 
കണ്ടുമരവിച്ച 
എന്റെ കണ്ണുകൾക്ക് 
ചന്ദ്രന്റെ നിറനിലാവ്
കാണാൻ കഴിയാതെ പോയി.
പണ്ട് നൃത്തച്ചുവടുകൾ വച്ചിരുന്ന 
എന്റെ കാലുകൾ 
ഇന്നനാക്കാൻ  പോലുമാവുന്നില്ല. 
കൊക്കക്കോള കുടിച്ചെന്റെ 
എല്ലു പൊടിഞ്ഞതാണതിൻ കാരണം. 
ഇന്നെത്ര നോവ് വന്നാലും 
കരയാൻ എനിക്ക് കഴിയുന്നില്ല. 
ഞാൻ അറിയാതെ ആണെങ്കിലും 
സീരിയൽ കണ്ടെന്റെ കണ്ണിലെ
കണ്ണുനീർത്തുള്ളികൾ 
വറ്റിപ്പോയതാണല്ലോ. 
പണ്ടേപോലിന്നെനിക്കു 
തലമുടിയില്ല,
ഹെയർ സ്റ്റൈൽ നോക്കി
വെട്ടിയപ്പോൾ മൊട്ടയായിപ്പോയി'.

പ്രകൃതിയെയും പ്രകൃതിഭംഗിയെയും നൈസർഗിക ജീവിതതയുമൊക്കെ ആസ്വദിക്കാനും അതിൽ ലയിക്കുവാനും കഴിയാത്ത യുവതിയുവാക്കൾ യഥാർത്ഥത്തിൽ സ്വത്വബോധം ആർജ്ജിക്കുവാൻ കഴിയാത്ത നിർഭാഗ്യജന്മങ്ങളാണല്ലോ? ഇവിടെയാണ് ഈ വലിയ കൊച്ചു കവയിത്രിയുടെ നിലപാടുകൾക്ക് സൗന്ദര്യം കിട്ടുന്നത്.

“അമ്മയോടൊപ്പം മരിക്കാനായി നീയും', 'നിലവിളക്കണഞ്ഞപ്പോൾ' എന്നീ കവിതകളിലും തിടംവെച്ചു വരുന്ന സാമൂഹികമായ ഉൽകണ്ഠകളാണ് പങ്കുവയ്ക്കപ്പെടുന്നത്. പ്രകടനപരതയിൽ കവിത അണഞ്ഞുപോയ രചനയാണ് 'അമ്മ'. മഴയ്ക്ക് മാനുഷികാഭാവം (human touch) നൽകി ആഖ്യാനം നിർവഹിക്കുകയും അപൂർവകല്പനകൾ നെയ്തെടുക്കുകയും ചെയ്തുകൊണ്ടാണ് കവിതയുടെ ധ്വനികളുണരുന്ന സൃഷ്ടിയായി 'വർഷമേ' വികസിച്ചത്.

"നീലപ്പുതപ്പു  വിരിച്ചൊരാ 
വാനിന്റെ  നിർത്തടാകങ്ങളോ നിങ്ങൾ?" 
എന്ന നവീനകല്പന ഉപയോഗിച്ചതുകൊണ്ടാണ് ഇവിടെ കവയിത്രിയുടെ മഴയോടുള്ള ചോദ്യം അക്ഷരാർത്ഥത്തിൽ തന്നെ കവിതാമസ്രണമായിത്തീരുന്നത്.

"ശാന്തി നൽകുന്നൊരു
ദിവ്യമന്ത്രമായി
തീരട്ടെ നിന്റെ ജീവിതം" 
എന്ന് മഴയ്ക്ക് നൽകുന്ന ആശംസയും അതുപോലെ അർത്ഥപൂർണ്ണം തന്നെ. 
പരിസ്ഥിതിപ്രവർത്തകയുടെ ഭൂമിയെക്കുറിച്ചുള്ള ആകുലതകൾ, രാഷ്ട്രീയ പ്രവർത്തകന്റെ വികസന സങ്കല്പങ്ങളുമായി സംഘർഷപ്പെട്ടു നിൽക്കുക പോലും ചെയ്യാതെ ആനുപാതികമായ പങ്കുവെയ്ക്കൽ മാത്രമായിത്തീരുന്നു.   വളരുന്തോറും തളർന്നുകൊണ്ടിരിക്കുന്ന ഒരു മുത്തശ്ശിയിലൂടെ ആഖ്യാനപ്പെടുത്തിയപ്പോഴാണ് വലിയ അർത്ഥം ഗർഭം ധരിച്ചിരിക്കുന്ന കവിതയായി 'വളർച്ചയും തളർച്ചയും ഉയരുന്നത്'. എപ്പോഴും വ്യത്യസ്തമായി ചിന്തിച്ചിട്ടുള്ളവരാണ്. ഏത് രംഗത്തും ചരിത്രം സൃഷ്ടിച്ചുള്ളത്. അങ്ങനെയുള്ളവർ നാടോടുമ്പോൾ നടുവേ ഓടാത്തവരുമാണ്. എല്ലാവരും നടുവേ ഓടുന്നവരായി തീരുന്നു എന്നതുകൊണ്ടാണ് ഈ കൊച്ചു പ്രതിഭാശാലി ഇങ്ങനെ ഉപദർശിക്കുന്നത്. 

'മുന്നിലോടുവാൻ 
നാമുണ്ടാകില്ല
ആരുമുണ്ടാകില്ല 
ഒന്നുമുണ്ടാകില്ല'.
ഭാരങ്ങൾ ചുമക്കുവാൻ മാത്രം വിധിക്കപ്പെട്ട കാലത്തിന്റെ വഴിയേ പോകുന്ന നിസ്സഹായയായും ചരക്കുവണ്ടിയായും തന്നെത്തന്നെ  സ്വത്വപ്പെടുത്തുകയാണ് 'ചരക്കുവണ്ടി'. സമൂഹവും വ്യക്തിയും സംഘർഷപ്പെട്ടു നിൽക്കുന്ന ഈ കവിത ജീവിത പ്രാരാബ്ധങ്ങളും വഹിച്ചുകൊണ്ടുള്ള നമ്മുടെ ഈ യാത്രയുടെ അർത്ഥങ്ങളിലേക്കാണ് സന്ദേഹിക്കുന്നത്. ഈ അർത്ഥത്തിൽ കവിത ദാർശനികസുഭഗത നേടിയെടുക്കുകയും ചെയ്യുന്നു. സ്വന്തം ഗ്രാമത്തോടുള്ള കാല്പനികാഭിനിവേശം അലയടിച്ചുയരുകയാണ്. 'എന്റെ ഗ്രാമത്തിൽ'; വിഷുവിന്റെ പശ്ചാത്തലത്തിൽ കണ്ണനെ വിളിച്ചുണർത്തുകയാണ് 'വിഷുവും കണ്ണനും' എന്ന നിർമ്മിതിയിൽ.

ഒരു ടാഗോർ കവിതയുടെ ആശയസ്പർശം ഉണ്ടെങ്കിലും യഥാർത്ഥ ദൈവത്തെ അധ്വാനത്തിൽ അഭിദർശിക്കുവാനുള്ള ഈ കലാകാരിയുടെ വാഞ്ഛ സൗന്ദര്യമായി മാറുന്നുണ്ട് 'ദൈവത്തെ തേടി' എന്ന സൃഷ്ടിയിൽ. അദ്ധ്വാനം ലക്ഷ്യബോധമുള്ള ചലന മാണ്. ചലനാത്മകതയാണ് പ്രപഞ്ചത്തിലെ ദൈവസ്വഭാവവും, ഇങ്ങനെ ഉള്ള അർഥങ്ങൾ ബന്ധിതമായി നിലകൊള്ളുകയാണ് ഈ രചനയിൽ. എല്ലാത്തരം ചൂഷണങ്ങളെയും തച്ചുതകർക്കാനും അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുവാനും മനുഷ്യരാശിക്ക് നേതൃത്വം കൊടുക്കുവാനും ഒരു യഥാർത്ഥനായകന്റെ സാന്നിധ്യമാണ് പരിവർത്തനകാംക്ഷ മുറ്റി നിൽക്കുന്ന ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ അടിയന്തരാവശ്യം. അങ്ങനെ ചങ്കൂറ്റമുള്ള ഒരു നായകനെ കവിതകൊണ്ട് അന്വേഷിക്കുകയാണ് 'അടിമകളി'ൽ

'രാത്രിമഴ' എന്ന കവിത മഴയുടെ കേവലവിവരണമോ ആവിഷ്കാരമോ അല്ല. സാമൂഹികമോ വ്യക്തിപരമോ ആയ അന്ത:സംഘർഷങ്ങൾ കവിതയിൽ ബിംബാത്മകമായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്. നഷ്ടസ്വപ്നങ്ങളും കണ്ണുനീരും രാത്രിമഴയായി പെയ്യുന്നു. അതുകൊണ്ടാവാം മിന്നലാകുന്ന ക്രൂരവാക്കുകൾക്ക് മേഘമാകുന്ന മനസ്സിനെ തകർക്കുവാൻ കഴിഞ്ഞത്. പാപപുണ്യ സംഘർഷങ്ങൾ കവിതയിൽ അലിഞ്ഞുചേർന്നിട്ടുമുണ്ട്. വ്യക്തിപരമോ സാമൂഹികമോ ആയ കാളിമകൾ രാത്രിമഴ എന്ന രൂപകത്തിലൂടെ സംവേദനം ചെയ്യപ്പെടുന്നു. 
ജീവിതസമരത്തിൽ താൻ അഭിമുഖീകരിച്ച സാമൂഹികമോ വ്യക്തിപരമോ ആയ തിന്മകളെയും വിപരീതാനുഭവങ്ങളെയും വാക്കിന്റെ കലയിലൂടെ നേരിടുവാൻ ശക്തിസംഭരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. ഈ സമാഹാരത്തിലെ അവസാന കവിതയായ 'രാത്രിമഴ'യിൽ വിദ്യമോളുടെ ഭാവികാലകാവ്യജീവിതത്തിന്റെ പ്രവചനമാണ് മുഴങ്ങി കേൾക്കുന്നത്. ഈ അർത്ഥത്തിൽ ഇനി വരുവാൻ പോകുന്ന കാലത്തിലെ തന്റെ കവിതകളുടെ പ്രകടനപത്രികകൂടിയാണ് ഈ രചന, സമൂഹത്തിലെ എല്ലാവിധ ത്തിലുമുള്ള കൊള്ളരുതായ്മകൾക്കുമെതിരെ കൊടുങ്കാറ്റായി വീശിയടിക്കുവാൻ ഈ കലാകാരി വാക്കുകൾ ശേഖരിച്ചു കൂട്ടുകയാണ് എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്നു. 

ഉള്ളിലെ ജ്വലിക്കുന്ന സൂര്യസ്ഫുരണത്തോട് താൻ അതിനുള്ള വഴി തേടുകയാണെന്നും ശക്തിനൽകണമെന്നും അർഥിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. അത് വിദ്യമോൾ  നേടും എന്നകാര്യത്തിൽ എനിക്ക് സംശയമില്ല. കാരണം സമാഹാരത്തിലെ കവിതകളിൽ കവിതയുടെ അരുണിമയാണ് പടർന്നിരിക്കുന്നത്. ഈ കൊച്ചു വലിയ കലാകാരിയിൽ നിന്നും കവിതയുടെ സൂര്യൻ ഉദിച്ചുയരുന്നെ ചെയ്യും. സമാഹാരത്തിലെ കവിതകളിലെ അരുണപ്രകാശം അതാണ് സൂചിപ്പിക്കുന്നത്. നിഗ്രഹാനുഗ്രഹ  സിദ്ധിയോടുകൂടിയ കാലമേ നീ അതീവ ദയവുകളാൽ ഈ പ്രതിഭാശാലിനിയെ മുച്ചൂടും അനുഗ്രഹിക്കണമെ! ഇനി കവിതകളെ സഹൃദയ ഹൃദയസംവാദത്തിനായി വിമോചിപ്പിക്കുന്നു.

Comments

(Not more than 100 words.)