കവിതാ ബാലകൃഷ്ണൻ്റെ കവിതകൾ

കവിതാ ബാലകൃഷ്ണൻ്റെ കവിതകൾ
************
പഠനം - സിമിത ലെനീഷ്
********

സ്ത്രീകളുടെ ചിന്താ ലോകത്തിലെ ബുദ്ധിപരതയും സാമൂഹ്യപരതയും അംഗീകരിക്കാൻ മടിയുള്ള മലയാളി ലോകത്തെ കവിത കൊണ്ടും ചിത്രകല കൊണ്ടും ഗ്രാഫിക് നോവൽ കൊണ്ടുമൊക്കെ  വെല്ലുവിളിക്കുന്ന അപൂർവ്വപ്രതിഭയാണ് കവിതാ ബാലകൃഷ്ണൻ.മലയാള കവിതാ ലോകത്തിൽ കവിത ബാലകൃഷ്ണൻ്റെ കവിതകൾ വ്യത്യസ്ത വഴികൾ തേടുന്ന ഒന്നാണ്. കവി ചിത്രകാരിയും മികച്ച കലാനിരൂപകയുമാവുമ്പോൾ കവിതകൾ പുതിയൊരു ലോകത്തെ കാഴ്ചകളാവുന്നു. ചിത്രങ്ങൾ കവിതകളാവുകയും കവിത മനോഹരമായ ചിത്രമാവുകയും ചെയ്യുന്ന ഒരനുഭവമുണ്ട് കവിതയുടെ കവിതകളിൽ . കവിയുടെ കാഴ്ചകൾ നേർക്കാഴ്ചകളെ വിട്ട് കാഴ്ചയ്ക്കുള്ളിലെ ചിത്രങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ മനോഹരമായ വരികളിലൂടെ വ്യത്യസ്തമായ അനുഭവതലത്തിലേക്ക് അതെത്തുന്നു. പരമ്പരാഗത സങ്കൽപ്പങ്ങളെ വിട്ട് കലയിലേക്കും സാഹിത്യത്തിലേക്കും സഞ്ചരിക്കുമ്പോൾ പുതിയ ചിന്താരീതികളിലൂടെ പുതിയ ലോകത്തെ കാണുന്ന കവിക്ക് കവിത വാക്കുകൾ കൊണ്ടുള്ള വെറുമൊരു ചേർത്ത് കെട്ടലല്ല അതൊരു ചരിത്രപരമായ അന്വേഷണവും കണ്ടെത്തലും അടയാളപ്പെടുത്തലുമാണ്. പരിമിതികളെ വഴിയിലുപേക്ഷിച്ച് വിശാലമായ ആകാശം തേടുന്ന ഒരുവളുടെ കുതിപ്പും സംവാദവും പ്രതിഷേധവുമായി കവിത കനപ്പെട്ട ലോകത്തിൻ്റെ പകർപ്പാവുന്നു.

"എൻ്റെയാകാശം
അതിൻ്റെയൊരു ചെറുകണം
ഉള്ളിന്നുമുള്ളിൽ അതിൻ്റെയുള്ളിൽ
പിന്നെയുമുള്ളിലേക്കുള്ളിൽ
എത്ര ഭദ്രം"
എന്ന് കവിതാ ബാലകൃഷ്ണൻ എഴുതുന്നു.
ഇവിടെ വളരെ 'ഭദ്രമായിരിക്കുന്ന എൻ്റെ ആകാശം' മറ്റാർക്കും വിട്ടു തരാത്ത ഭദ്രമായ കവിതകളായി രൂപപ്പെടുന്നു. എത്ര ഉറപ്പോടെയാണ് എൻ്റെയാകാശം എന്ന് കവി എഴുതി വെക്കുന്നത് ആ ഉറപ്പും ഭദ്രതയും ആർജ്ജിച്ചെടുക്കാൻ കവി തൻ്റെ ഭാവനലോകത്തെ കലയും ,കവിതയും ലോകവുമായൊക്കെ ചേർത്ത് കെട്ടി ധ്യാനിച്ചിരിക്കണം.

"ധ്യാനി ബുദ്ധൻ്റെ നെറ്റിയിൽ
തുറിച്ച കണ്ണുകൊത്തിവച്ച്
ഒരു ദളിത് ശിൽപി
മതം മാറിയതായി പ്രഖ്യാപിച്ചിട്ടുണ്ട്"
എന്നെഴുതുമ്പോൾ മാറിയ കാലത്തിൻ്റെ വൃത്തികേടുകളോട് കലഹിക്കാൻ കവിതയെ മനോഹരമായ വാങ്മയ ചിത്രമാക്കുന്നു കവി . ഈ കാലത്തോട് സമരസപ്പെടാൻ കവി ആഗ്രഹിക്കുന്നില്ല. ഓരോ കവിതയും ഓരോ ചിത്രമായി ആശയത്തെ പുറത്തേക്കെറിയുമ്പോൾ വായനക്കാരൻ ഒരേ സമയം ചിത്രവും കവിതയും നോക്കിയിരുന്ന് പോകുന്നു.

"ക്ഷണിക്കപ്പെട്ട സദസിൽ
അവശേഷിച്ച പരുത്തിയുരിഞ്ഞതും
വിശുദ്ധനഗ്നത പൂണ്ടതും
കുപ്പായങ്ങൾക്ക് തീ പിടിക്കയാലാണ്
ഒരു ദഹനം പടരുകയാലാണ്"
(ലളിതകലകളുടെ ക്ലാസ് മുറി)

കവിതയുടെ കവിതകളിൽ സ്ത്രീ ശരീരവും അവയവങ്ങളും, പേറ്റ് നോവും മാതൃത്വവും പോലുള്ള പരിചിത അനുഭവങ്ങളെ വിട്ട് പച്ചയായ യാഥാർത്ഥ്യങ്ങളായി ചോദ്യമെറിയുമ്പോൾ കാൽപനികതയും പാരമ്പര്യവും മാറി നിന്ന് ശക്തയായ ഒരു പെണ്ണിന് സമൂഹത്തോട് ഇടപെടാൻ കഴിയുന്ന ഒരു പുതിയ വിനിമയ രീതി വികസിക്കുകയും നമ്മോട് സംവദിക്കുകയും ചെയ്യുന്നു.

"ഉടുത്തവർ ഉരിഞ്ഞവർ
വിതച്ചവർ മെതിച്ചവർ
കൊയ്തവർ കുഴഞ്ഞവർ"

"മുലകളാൽ മാനം
നോക്കിയോർ"

ഈ വരികളിലെല്ലാം നിറയുന്ന ശക്തിമത്തായ ചിന്തകൾക്ക് പിന്നിലെ ദാർശനിക ഭാവം ക്ഷണിക നേരത്തെ വായനാസുഖത്തിനുമപ്പുറമുള്ള ലോകവീക്ഷണങ്ങളിലേക്ക്
നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

കവിത മൂർച്ചയുള്ള അമ്പായി സമൂഹത്തിന് നേരെ തൊടുക്കുന്നു. ആക്ഷേപഹാസ്യത്തിൻ്റെ വിവിധ മാനങ്ങൾ കവിതകളിൽ പ്രകടമാണ്. ഹാസ്യത്തിൻ്റെ മൂർച്ചയുള്ള ഭാവം കവിതകളിൽ ഏറെ ഭംഗിയോടെ ആവിഷ്ക്കരിക്കുന്ന കവി സമൂഹത്തെ നോക്കി ചിരിക്കുന്ന ചിരി ഒരു വലിയ കലാപമാണ്. 

എന്തതിശയമേ
എന്തതിശയമേ
ഒരാശയും ആശയവുമില്ലാതെ
എങ്ങനെ ജീവിക്കാനാണ് ഹേ (എങ്ങനെയാണ്)

സ്വന്തം ആശയങ്ങളില്ലാതെ എങ്ങനെ ജീവിക്കുമെന്ന് കവിതയിലൊരുൾ ആശ്ചര്യപ്പെടുന്നു.

ചിത്രകലയുടെയും ഐറണികളുടെയും പാരമ്പര്യത്തിൻ്റെയും സത്തകളെ ചേർത്ത് വയ്ക്കുന്ന ചിത്രം വരയ്ക്കുന്ന കവിതകൾ ആശയപ്പെരുമഴ കൊണ്ട് മനോഹരമാകുന്നു. കവിതക്കും കലയ്ക്കും പുറത്ത് കാഴ്ചവട്ടങ്ങളുടെ നിരീക്ഷണങ്ങളുമായി ഒരുവൾ നിരന്തര പുതുമകളിലേക്കുള്ള യാത്രകളിലാണ്. പുത്തൻ പരീക്ഷണങ്ങളിൽ കലയും കവിതയും സാഹിത്യ വുമൊക്കെ മാറ്റപ്പെടേണ്ട വിശാല ലോകത്തെക്കുറിച്ച് ബോധവതിയായ കവി സ്വയം അടർത്തപ്പെടുന്ന പുറംതോടുകൾ മാറി പുതിയത് വരും പോലെ , മുറിച്ചു മാറ്റപ്പെട്ട് വീണ്ടും കിളിർക്കുന്ന മരം പോലെ ഓരോ നിമിഷവും തളിർക്കുന്ന ഒരപൂർവ്വ വസന്തമാണ്. കവിത കാലത്തോടുള്ള പ്രതികരണവും ലോകത്തോളം വലുതാവുന്ന ആകാശം ഒളിപ്പിക്കുന്ന ഭൂമികയും ആവുന്നത് അതുകൊണ്ടാണ്.
********

Comments

(Not more than 100 words.)