കവിതകൾ - രമ്യ തുറവൂർ
********
1.
പിറ്റേമഴയിൽ
********
ഇന്നു പുലർച്ചെ
നീയെഴുതിയ
വരികളിൽനിന്നും
ഒരുവാക്ക് ഇറങ്ങിയോടി
എന്റെ ചുണ്ടുകൾക്കിടയിൽ ഒളിച്ചത് നീ അറിഞ്ഞിരുന്നോ
നിന്നിൽനിന്നും
വളരെയകലെ
പ്രാവുകൾ ഇണചേരുന്ന ഭൂഖണ്ഡത്തിൽ,
നീല അമ്പുകൾ നിറച്ച
ഒരു കൂരയ്ക്കുതാഴെ വാക്കുകളുടെ ചുഴലിക്കാറ്റിൽപ്പെട്ട്
ആ വാക്ക് ഞാൻ
അറിയാതെ വിഴുങ്ങി
ഒറ്റയ്ക്കൊരു
കാട്ടുതീയാകുന്ന രാത്രികളിൽ എന്റെ ആകാശത്തിലെ
ഏറ്റവും ഇരുണ്ടുപോയ
ഒരു മേഘത്തിലേക്ക് ഞാനതിനെ വിവർത്തനംചെയ്യും
പിന്നെ നിന്റെ നീളൻ കൈവിരലുകൾ
ചേർത്തു പിടിച്ച്
ഭൂമിയുടെ പിളർപ്പിലേയക്ക് ഞാൻ മറയും,
പിറ്റേമഴയിൽ നമ്മൾ രണ്ട് പുഴുക്കളായ് പിറവിയെടുക്കും
ഏറ്റവും
ആഴത്തിലിറങ്ങിയ
ഒരു വേരിന്റെ
നെഞ്ചിൽ നമ്മൾ ആണ്ടുകിടക്കും
പുറത്ത് ഉറ്റവരുടെ ഘോഷയാത്ര
നിഴലുകൾ മാത്രമായിപ്പോയ നമ്മൾ പാകമാകാത്ത ഉടുപ്പുകൾ തുന്നിക്കൊണ്ട് അവർക്കു പിന്നാലെ നീങ്ങും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
2.
കലഹം........
*******
എല്ലാം നഷ്ടമായവരുടെ
കാൽച്ചുവട്ടിലെ ഭൂമിയും
വെട്ടിപ്പിടിച്ചവരുടെ മുകളിലെ
ആകാശത്തിനുമിടയിൽ
രഹസ്യമായൊരു ഭാഷയുണ്ട്.
യുദ്ധത്തിനൊടുവിൽ
ഉരിഞ്ഞിട്ട നാവുകൾ
അതിലേയ്ക്ക് വഴുതിയിറങ്ങും.
എന്നിട്ട് മരണമില്ലാത്തൊരു -
കാലത്തിൽ ഒളിച്ചിരിക്കും.
ചതിക്കപ്പെട്ടവരുടെ കണ്ണിലെ
അവസാന വ്യാകരണത്തിലേക്ക്
അവർ ഓർമ്മകളെ നിവർത്തി വയ്ക്കും.
പതിയിരുന്നവർക്ക് മുകളിൽ
അന്നത്തെ സൂര്യനുദിക്കും
അതിർത്തി കാണാത്ത രണ്ട് മേഘങ്ങൾ
അവരുടെ ചുമലിലേയ്ക്ക്
ചാഞ്ഞിറങ്ങും
ചിതറിപ്പോയ ചിരികൾക്കുള്ളിൽ വിശപ്പ് തിളക്കും.
ഒരു മുടന്തന്റെ അസംതൃപ്തമായ വഴികൾ പോലെ
അവർ അകലങ്ങളെയളക്കും
അപ്പൊഴും
വീടിനുള്ളിൽ ഏതു നിമിഷവും
മരണപ്പെടാവുന്ന
ഒരൊറ്റ സംഖ്യ ചുരുളഴിഞ്ഞ് കിടക്കും.
**********