കവിത - സാറാ ജെസിൻ മൂഴിയിൽ. **********
ഒരു കുട്ടി കവിതാരചന മത്സരത്തിന് പോകുന്നു.
*************
വെള്ള പേപ്പറും
അടിയിൽ വരതെളിയിക്കാൻ വരയൻ പേപ്പറും
രണ്ട് ബോൾ പേനകളും
വച്ചെഴുതാൻ ലേബർ ഇന്ത്യയുമായി
ഒരു കുട്ടി
കവിതാരചന മത്സരത്തിന്റെ വരിയിൽ നിൽക്കുന്നു.
രാത്രിയോ
മഴയോ
പകലോ
മഴവില്ലോ
ചങ്ങാതിയോ വിഷയമാവുകായെന്ന ചിന്താഭാരത്തിൽ നിൽക്കുന്നു.
ക്ലാസ് വിളിച്ചു
പേര് വിളിച്ചു
നമ്പർ കൊടുത്തു
വരിവരിയായി
മ്യൂസിക് റൂമിന്റെ നിലത്തിരുന്നു.
ഇടവും
വലവും
കൂട്ടുകാരല്ലയെന്ന് മനസിലാക്കി
നിരാശയോടെ ഭിത്തിയിലേക്ക് കണ്ണുനട്ടിരിക്കുന്നു.
അച്ഛനാണ് വിഷയമെങ്കിൽ
ശാരിയുടെ അച്ഛനെക്കുറിച്ചും
അമ്മയാണ് വിഷയമെങ്കിൽ
മീരയുടെ അമ്മയെകുറിച്ചും എഴുതണമെന്ന് ഉറപ്പിച്ചു.
വീടാണെങ്കിലോയെന്നത് ഞെട്ടലുണ്ടാക്കി,
ആവില്ലയെന്ന് ആശ്വസിച്ചു.
മലയാളം മാഷ് വന്ന്
'നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത്'
എന്ന വിഷയത്തിൽ പതിനഞ്ചു വരിയിൽ കൂടാതെ
കവിതയെഴുതുകയെന്ന് പറഞ്ഞു.
എനിക്കേറ്റവുമിഷ്ടം ചോറാണ്.
മൂന്നുനേരവും കഴിക്കുന്ന വറ്റുകുറഞ്ഞ കഞ്ഞിയല്ലാതെ
മഠത്തിലെ അമ്മമാരുടേത് പോലെ
കറിയും മോരുമുള്ള ചോറ്.
ചോറിനെ കുറിച്ചെങ്ങനെ
പതിനഞ്ചു വരിയിൽ
കവിതയെഴുതും.
വിശപ്പ് ഒറ്റവാക്കിലൊരു
കവിതയാകുമ്പോൾ.
**********
സാറാ ജെസിൻ മൂഴിയിൽ :
കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിനി. കൊച്ചിയിൽ ഫിനാൻസ് പ്രൊഫഷണൽ.
**********