മറിയത്തെക്കാൾ ആർദ്ര
**************************
- കാജൽ അഹമ്മദ്
**************************
പരിഭാഷ: ലീല സോളമൻ
**************************
ഓ, എന്റെ രാജ്യത്തിലെ മറിയമാരേ,
മരണം അനിവാര്യമായ സമയത്തു
അതിനെ സ്വാഗതം ചെയ്യുന്നത്
ആദ്യം നമ്മളാവട്ടെ, നമ്മുടെ
കുഞ്ഞുങ്ങൾ ആവാതിരിക്കട്ടെ.
രാജ്യമിന്നൊരു ഏകാകിയാണ്,
ഹൗവയുടെ ഊർവ്വര വരവിനും
മുമ്പുള്ള ആദാമിനെപ്പോലെ.
ഞാനും ഒറ്റക്കാണ്. നെഞ്ചിനുള്ളിൽ
നിന്ന് വിരസത ഊറിവരുന്നുണ്ട്.
പക്ഷെ ഞാൻ തളരുന്നില്ല.
എന്റെ ഊഷ്മളമായ ചിരി,
അപ്പം പോലെ പുതുതാണ്.
ഓ കവികളേ, എനിക്ക്
രണ്ടുണ്ട് ജീവിതം,
പക്ഷെ ഞാനെന്റെ കവിതകളെ
അലസിപ്പിച്ചിട്ടില്ല, കവിത
എന്നെയും അലസിക്കളഞ്ഞിട്ടില്ല.
എന്നുവരും ക്രിസ്തു?
ഞാൻ കാത്തിരിപ്പിന്റെ
മുടിയിഴപ്പാലമായാ സിറാറ്റിൽ*
നിന്ന് നിലംപതിക്കുന്നു.
സ്നേഹത്തിന്റെയും കവിതകളുടെയും
കന്യാമഠത്തിലിരുന്നു ഞാൻ വിതുമ്പിക്കരഞ്ഞു.
എന്റെ കണ്ണുനീരിന്റെ ഒഴുക്കുചാലിന്റെ
അഗ്രങ്ങളിൽ ആൽഗകൾ മുളച്ചു പൊന്തി.
കവിതകളില്ലാതെ, ഇപ്പോഴും
നിരത്തിലേക്കു ഞാൻ കണ്ണുംനട്ട് നിൽക്കുന്നു,
ഒരു വഴിക്കായി.
നിന്നെയും പ്രതീക്ഷിച്ചു. കാരണമൊന്നുമില്ലാതെ
ഞാൻ സംസാരിക്കുന്നു.
എനിക്ക് തന്നെ അറിയില്ല,
നിനക്ക് വേണ്ടിയാണോ
ലോകത്തെക്കുറിച്ചാണോ
അതോ എന്നെപ്പറ്റിത്തന്നെയാണോ
ഞാൻ പറയുന്നതെന്ന്.
വായ് മൂടികെട്ടിയപ്പോൾ, എന്റെ
വായിൽ നീയൊരു മുറിവേറ്റ
പ്രകാശ കിരണമായി മാറി.
എന്റെ വായിൽനിന്ന് നീയ്
ബഹിർഗമിച്ചു.
നിന്റെ ജനനത്തിനു ശേഷവും
വാക്കുകളേറ്റു എന്റെ ഉള്ളിൽ
ചോര വാർന്നുകൊണ്ടിരുന്നു.
രക്തമെന്നെ കവിയാക്കിയോ,
അതോ മറിയമെന്ന ഭ്രാന്തികവിയോ?
എന്റെ ഹൃത്തിലെ ഭൂമിക്കും
നിന്റെ തലയോട്ടിയിലെ
ആകാശത്തിനുമിടയിൽ
ക്ഷമയുടെ പാലം ഞാൻ ഉറപ്പിച്ചു.
എന്നിൽ നിന്നുള്ള എന്റെ വേർപെടൽ തുടരുന്നു.
ആ വേർപെടൽ നല്ലതിനാണെന്നു നിനക്ക്
തോന്നുന്നുണ്ടോ?
നീയ് ജനിച്ചിട്ടുണ്ടായിരുന്നില്ല,
പക്ഷെ, കുരിശുകൾ ഓരോരോ പൊത്തുകളിലും
നിന്നെ തെരഞ്ഞുകൊണ്ടേയിരുന്നു.
അത് നിനക്ക് സ്നേഹമാവില്ലാന്ന് ഞാൻ
അറിഞ്ഞിരുന്നെങ്കിൽ, ജനിച്ചപാടേ
നിന്നോട് ഞാൻ കെഞ്ചിയേനേ
"തിരികെ പോരൂ, നിന്റെ അമ്മയുടെ
ശാന്തമായ ഉദരത്തിലേക്ക്".
നിനക്കവർ ദൈവപുത്രനെന്നു
പേരിടുമെന്നറിഞ്ഞിരുന്നെങ്കിൽ
നിനക്ക് ഞാൻ ജന്മം പോലും തരുമായിരുന്നില്ല.
ഒരൊറ്റ രാത്രി പോലും ഞാൻ
ദൈവത്തോടൊപ്പം ചിലവഴിക്കാതെ
ദൈവം ഒരു മകന്റെ പിതാവാകില്ല.
അഥവാ, ഞാനാ കരങ്ങളിൽ കിടന്നിട്ടുണ്ടെങ്കിൽ,
എന്തിനെന്നെ കന്യക എന്ന് വിളിക്കുന്നു?
എന്റെ കണ്ണുകളുടെ വെളിച്ചമേ,
നീയ് നിന്നോടുതന്നെ ചോദിക്കൂ
ആരാണ് കൂടുതൽ പരിശുദ്ധ,
മറിയമോ അതോ ഞാനോ?
ആരാണ് കൂടുതൽ സ്നേഹിക്കുന്നത്?
എന്റെ ഹൃദയത്തിന്റെ ക്ഷതങ്ങൾ
അവളുടെ ദുഃഖത്തേക്കാൾ ആഴമേറിയതല്ലേ?
ഞാനൊന്നും പറയുന്നില്ല.നീയ് തന്നെ പറയൂ.
എന്റെ കണ്ണുകളുടെ പ്രകാശമേ,
മോഹിപ്പിക്കുന്ന ഖൂനിഗർ,**
എന്റെ ക്രിസ്തുവേ,
മറിയം എന്ന കവിയെന്നു വിളിക്കരുതേ,
എങ്കിൽ, ഞാൻ വ്രണിതയാവും.
ഒരമ്മയെപോലെ,
മറിയയെക്കാളേറെ
ഞാൻ സ്നേഹമയിയാണ്.
ഞാനും മറിയയും തമ്മിലുള്ള
വ്യത്യാസമിതാണ്:
അന്ധയാണെങ്കിലും,
എന്റെ ജീവിതം കൊണ്ട് നിന്നെ
ഞാൻ സ്വന്തമാക്കുന്നതുവരെ
എന്റെ കണ്ണുകൾ അടയുകയില്ല.
നിനക്കുപകരം കുരിശ്ശിൽ എന്നെ
തറക്കുന്നതു വരെ ഞാൻ
സംതൃപ്തിയുടെ നടപ്പാതയിലൂടെ
നടക്കുകയില്ല.
ഞങ്ങൾ തമ്മിലുള്ള വ്യത്യാസമിതാണ്:
എനിക്കവളെപ്പോലെ, നിന്നെ,
ദൈവത്തിന്റെ കരങ്ങളിലേക്കാണെങ്കിലും
ഉപേക്ഷിക്കാനാവില്ല. എന്റെ
ഹൃദയം അതിനനുവദിക്കില്ല.
ദൈവം മാതൃത്വം അറിഞ്ഞിട്ടില്ല.
നിനക്കുവേണ്ടി അവൻ എരിഞ്ഞടങ്ങില്ല.
അവന്റെ ഉദരം ദുഃഖം കൊണ്ട്
നീറുകയില്ല. മാതൃത്വം കനത്ത ദുഃഖമാണ്.
ഞാനൊരു അമ്മയായതാണ്
സ്ത്രീയാവും മുമ്പ്.
ക്രിസ്തുവിനു ജന്മം കൊടുത്തപ്പോൾ
അവരെന്നെ കുത്തുന്നുണ്ടോ,
എന്റെ കന്യാത്വത്തെ ചോദ്യം ചെയ്യുന്നുണ്ടോന്നു
ഞാൻ ഉത്കണ്ഠപ്പെട്ടില്ല.
ഭൂമിയിലെ ക്രിസ്തു,
പിതാവിന്റെ ക്രിസ്തു,
ലോകം പറഞ്ഞ നുണ
തുറന്നുകാട്ടാനാണ് ഞാൻ
നിലകൊള്ളുന്നത്. നിന്റെ
മരണം വരെ കാത്തിരിക്കില്ല ഞാൻ.
ഇത്തവണ, എന്റെ മാത്രം കുട്ടീ,
വേദനാജനകമായ വെള്ളമുടിക്കമ്പികളുള്ള
ഗിത്താറിന് പകരം,
നിന്റെ അമ്മയുടെ മൃതദേഹം
കരങ്ങളിൽ വഹിക്കു.
നിനക്ക് മുമ്പേ ഞാൻ മരിച്ചു വീഴും.
നിന്റെ മരണം എന്റെ
മടിത്തട്ടു ഉൾക്കൊള്ളില്ല.
* സിറാറ്റ്: ഓരോ ആത്മാവും മുടിനാരിഴ കൊണ്ടുണ്ടാക്കിയ സിറാറ്റ് പാലത്തിലൂടെ നടന്നു ജീവിതത്തെ സ്വർഗവുമായി ബന്ധപ്പെടുത്തുന്നു.
** ഖൂനിഗർ: ഒരു കുർദി ഗായകൻ.
**************************
ഇറാഖി കുർദിഷ് ഫെമിനിസ്റ്റ് കവികളിൽ പ്രമുഖയായ കാജൽ അഹ്മദ് ജനിച്ചത് 1967-ൽ ആണ്. 1991- ലെ കുർദിഷ് കലാപകാലത്തും 1994-1997 കുർദിഷ് ആഭ്യന്തര യുദ്ധകാലത്തും, പത്രപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ട്. കാജലിൻറെ കവിതകൾ കുർദിഷ് സമൂഹത്തിൽ കണ്ടുവരുന്ന സ്ത്രീവിരുദ്ധചിന്താഗതികളെ തീഷ്ണമായി വിമർശിച്ചിട്ടുള്ളവയാണ്. കാജൽ അഹ്മദിന്റെ ഹാൻഡ്‌ഫുൾ ഓഫ് സോൾട് എന്ന പുസ്തകത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഒരു കവിതയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. കുർദിഷ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തവർ, അലാന മേരി ലെവിൻസൺ-ലെബ്രോസ്സ്, മേവാൻ നഹ്‌റോ സൈദ് സോഫി, ദാര്യ അബ്ദുൽ കരിം അലി നജിം, ബാർബറ ഗോൾഡ്ബർഗ് എന്നിവരാണ്. വാഷിങ്ങ്ടണിലെ ദി വേർഡ് വർക്സ് ആണ് പ്രകാശനം ചെയ്തത്.
**************************