കവിതകൾ - ഷീജ വക്കം
**********
1.
മണം
*****
കരിയിലക്കാറ്റിനൊപ്പം
പറക്കവേ,
പിറുപിറുക്കുന്നു
ചെമ്മണ്ണുധൂളികൾ,
മഴ മണക്കുന്നു
ദൂരെയെങ്ങോ
നെറുംതല പിളർന്നൊരു
മേഘം മരിക്കുന്നു..
2 .
പൂർവ്വം
*****
പിരിയുന്നുവെങ്കിലു-
മുൾത്തടത്തിൻ
നനവുള്ളമണ്ണിര - പ്പാഴിടത്തിൽ,
മുള പൊട്ടി വീണ്ടു
മുയിർത്തു നിൽപ്പൂ
പിരിയുവാനാകാതെ
നിൻ പ്രപഞ്ചം,
ഹൃദയമന്യാധീന -
മായ നാളിൽ
പ്രണയമേ ഞാൻ കേട്ട തേനിരമ്പം,
മഴയത്തു മുറ്റം
കടൽ ചമയ്ക്കെ
അതിലെത്തി നോക്കും നിൻ പൂർവ്വരൂപം ..
3.
കലഹം
*****
തലനീട്ടിയിരുപ്പുണ്ടോരോ
വിടവിലുമീയുരഗം,
കരിയില തൻ കലവറയിൽ
ഉറയൂരും പുതുജൻമം ..
ചെറുചലനം പോലുമളക്കും
ജാഗ്രത തൻ ഗോളം ..
ചുരുളഴിയുന്നേരം ഭീഷണമതു നിവരും നീളം ..
കടിയേറ്റ മനസ്സിൻ മുറിവായ്
കരിനീലിക്കുമ്പോൾ
വിഷമൂറ്റിത്തിരുനടയിൽ
തലതല്ലുന്നീ നാഗം ..
വരമരുളിപ്പൊങ്ങിവരുന്നൊരു
തേജോമയരൂപം..
പ്രണയം പോലെരിയുന്നൂ
ഫണമണിയും മാണിക്യം-
***********
ഷീജ വക്കം :
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. ലൂർദ്ദ്സ് മൗണ്ട് ഹയർസെക്കണ്ടറി സ്ക്കൂൾ, NSS College കൊട്ടിയം, തിരുവനന്തപുരം ഗവ.ആയുർവ്വേദ കോളേജ് (BAMS), കോട്ടയ്ക്കൽ ആയുർവ്വേദ കോളേജ് (MD) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പതിനൊന്നു വർഷമായി ഭാരതീയചികിത്സാ വകുപ്പിൽ ജോലി ചെയ്യുന്നു. ഇപ്പോൾ താനൂർ ഗവ. ആയുർവ്വേദഡിസ്പെൻസറിയിൽ മെഡിക്കലോഫീസർ.
ഷീജ വക്കം മാതൃഭൂമിയുടെ ബാലപംക്തിയിലൂടെയാണ് എഴുത്തിലേയ്ക്കു വന്നത്. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിൽ കവിതയ്ക്ക് രണ്ടു തവണ ഒന്നാം സമ്മാനം നേടി. ( മഴ, വെയിൽ, പൂക്കാലം 2000), പിഴച്ചവൾ (2002) . ആദ്യ പുസ്തകമായ കിളിമരം 2013ൽ DCbooks പ്രസിദ്ധീകരിച്ചു.
ഇതിന് അബുദാബിശക്തി അവാർഡ് (2014), ആശാൻ യുവകവി പുരസ്ക്കാരം (2015), വൈലോപ്പിള്ളി അവാർഡ് (2015), മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം (2015) ,രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്ക്കാരം (2014) എന്നിവ ലഭിച്ചു.
********