കവിതകൾ - ഭാഷ മമ്മു

കവിതകൾ - ഭാഷ മമ്മു

കവിതകൾ - ഭാഷ മമ്മു
*********
1.
ജാലകം 
*****
വെയിൽ വന്ന് തൊട്ടപ്പോൾ 
ജാലകത്തിനപ്പുറത്ത് 
പേരറിയാപ്പൂക്കളിൽ  ഉന്മാദത്തിൻ്റെ പനി തിളച്ചു പൊന്തുന്നൊരു പകലിൽ 
എൻ്റെ ജാലകക്കമ്പികളൊരു കറുത്ത പക്ഷി 
എന്തിനോ കൊത്തി വലിക്കുന്നു
ഇലകളും വേരുകളുമില്ലാത്ത ജാലകക്കമ്പികളോട് 
ഋതുക്കളെ കുറിച്ചുള്ള രഹസ്യം പറയുന്നത് 
ആ കറുത്ത പക്ഷിയാവാം. 
ഇലകൾ ചേർന്ന് കാടുണ്ടാവുന്ന രഹസ്യമറിഞ്ഞിട്ടും 
ജാലകത്തിൽ 
ഒരു തളിരും മുളപൊട്ടാത്തത് കൊണ്ടാവും 
ഞാനാ ജാലകം പലപ്പോഴും 
അടച്ചിടുന്നത്. 

2.
പ്രിയം 
******
നിന്നെ 
കാണാൻ തോന്നുമ്പോഴൊക്കെയും 
നിന്നോട് വെറുതെയൊന്ന് മിണ്ടാൻ കൊതിക്കുമ്പോഴൊക്കെയും 
നിന്നെയൊന്ന് കെട്ടിപ്പുണരാനെൻ്റെ കൈകൾ തരിക്കുമ്പോഴൊക്കെയും 
നിന്നെ ചുംബിച്ച ചുണ്ടിലോർമ്മകൾ 
തീക്കൊളുത്തുമ്പോഴൊക്കെയും 
നിന്നോട് പിണങ്ങിപ്പിരിഞ്ഞായിരം 
കാട്ടു കടന്നൽ മൂളുന്ന തലയുമായ് 
ഞാനൊറ്റയ്ക്കിരിക്കുമ്പോഴൊക്കെയും 
നിൻ്റെയാകാശസീമയില - 
നന്ത നക്ഷത്രങ്ങളിലൊന്നിലെൻ 
ചത്ത പക്ഷിയുടെ കൂടെരിയുമ്പോഴും 
പ്രിയപ്പെട്ട കവിതേ 
ഞാൻ നിന്നെയെന്നത്തേയുംപോലെ 
പിന്നെയും 
പ്രണയിച്ച് പോകുന്നു.

3.
ബി. നിലവറ
******
എനിക്ക് രഹസ്യങ്ങളുടെയൊരു 
ബി.നിലവറയുണ്ട്. 
അതിൻ്റെ താക്കോൽ പണ്ടേതോ 
ആകാശ ദ്വീപിൽ 
മറന്നു വെച്ചതാണ്. 
എന്നെക്കാണാതാവുന്ന ചില നിമിഷങ്ങളിൽ 
ഞാൻ ബി.നിലവറയിലുണ്ടെന്നറിയുക 
ഈ ഏകാന്തതയിലാണ്  
എൻ്റെ കാടുകൾ പൂക്കുന്നത്. 
തുറന്നിട്ട നിലവയിൽ 
പൊഴിച്ചിട്ട പടം മാത്രമാണ് 
നിങ്ങൾ കാണുന്നത് 
ഇവിടെ 
ഈ ബി. നിലവവയിലാണ്
എൻ്റെയുടൽ
നൃത്തം ചെയ്യുന്നത്.

*********
 ഭാഷ മമ്മു . 
കോഴിക്കോട് ജില്ലയിലെ വടകര.
പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ 
ഇംഗ്ലീഷ്  അധ്യാപിക.
*********

Comments

(Not more than 100 words.)