കവിതകൾ - ഐഷു ഹഷ്ന
*********
1.
മരണത്തിന് തലേനാളിലെ ചോദ്യങ്ങൾ.
*********
ഇങ്ങളെന്തിനാ പുള്ളെ
പണ്ടെന്നെ തച്ചത്?
ഇങ്ങൾക്കെത്ര
വെളംബിയോളാ ഞാൻ!
ന്തിനാന്നെ തംശയീച്ചെ?
ഇങ്ങൾടെ മോന്തേമേൽ
വാർത്ത അഞ്ചേണ്ണത്തിനെ-
യല്ലെപെറ്റത്.
അതുങ്ങളെ വെളളം
തോർത്തിയെടുത്തില്ലെ;
കാക്കകാലും, പരുന്തു-
കാലും കോർക്കാതെ
നോക്കിലെ.
ന്നിട്ടും നിങ്ങളെന്നെ
മുപ്പതുയൂസ് മുസൈഫ്*
തൊടീച്ച് സത്യോം ചെയ്യിച്ചു.
നിക്ക് നീരീച്ച**ബന്നപ്പം
നാറുന്നൂന്ന് പറഞ്ഞു
നെലത്ത് കെടത്തീലെ!
ഇങ്ങൾക്കുംമേണ്ടി
ഏത്ര അത്തറ് പൂശിയോളാ.
ഇങ്ങുളു നട്ട മുല്ലെമ്മലു-
ണ്ടായ പൂവല്ലെ ഞാൻ
തലേ ചൂടിയെ; ന്നിറ്റും ൻ്റെ
പല്ലടിച്ച് കോയ്ചീലെ.
തലേന്നും മുല്ലമൊട്ടു
പോലത്തെ പല്ലെന്ന്
പറഞ്ഞു മുത്തംതന്നാർന്നു.
നാച്ചീമായുടെ ചോദ്യത്തിന്
ഉത്തരമില്ലാത്ത മച്ചാൻ
മയ്യിത്തിൻ്റെ കാൽക്കലിരുന്നു
യാസീനോതി...
*ഖുർ ആൻ
* *നീര് വീഴ്ച(ജലദോഷം)
2.
അർബുദം
*******
പാത്വോ,
നിൻ്റെ ചന്തിക്കെന്തൊരു
ചന്താടി പെണ്ണേ!
നീയിങ്ങിനെ കുലുങ്ങിക്കുലുങ്ങി
നടക്കല്ലേ...
ഇരുട്ടിന് കാലു മുളയ്ക്കും.
അയിനെന്താ പെണ്ണുങ്ങളെ?
കാണുന്നോരു കാണട്ടെ.
കണ്ടാലും കൊള്ളൂല്ലാലോ.
അവളു പിന്നെയും
കുലുങ്ങി നടന്നു.
പാത്വോ,
നീയിങ്ങിനേ മേനികാട്ടി
കുളിക്കല്ലെ പെണ്ണേ;
നിൻ്റെ മൂടും മുലയും
കണ്ടാല് പൊന്തക്കാടിന്
കണ്ണ് മുളയ്ക്കും!
ആയിനെന്താ പെണ്ണുങ്ങളെ
നോക്കുന്നവർ നോക്കട്ടെ
ചോദിച്ചാൽ കൊടുക്കില്ലാലോ.
അവളു പിന്നെയും പുഴയിൽ നീന്തി.
കാലുകൾ മാറി മുളച്ച ഇരുട്ടും,
കണ്ണുകൾ മാറി മുളച്ച
പൊന്തക്കാടും
മാറി മാറി വന്നു.
ഒരിക്കൽ ആശുപത്രിയിലെ
നരച്ച മുറിയിൽ,
ഞണ്ടിറുക്കി
ചീന്തിയെറിഞ്ഞ
മാറിലേക്ക് കൈ ഓടിച്ചു
അവളു മാപ്പിളയോട് ചോദിച്ചു.
നോക്കിയിട്ടും കണ്ടിരുന്നില്ലെ?
തന്നിട്ടും അറിഞ്ഞിരുന്നില്ലെ?
*********
ഐഷു ഹഷ്ന:
എറണാകുളം സ്വദേശി. ജോലിയും പഠിത്തവും വായനയും എഴുത്തും ഇഷ്ടം. കലാകൗമുദി, നീർമാതളം, ആരാമം, പുടവ,കേസരി,തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ വന്നിട്ടുണ്ട്. പുസ്തകം ഇറക്കാൻ ഉള്ള ആത്മവിശ്വാസം ഇനിയും വന്നിട്ടില്ല എന്ന് ഐഷു പറയുന്നു. ലിംഗപരവും സാമുദായികവുമായ സ്വത്വങ്ങളും അനുബന്ധ സംഘർഷങ്ങളും ഐഷുവിൻ്റെ കവിതകളിൽ പ്രകടമാണ്. ഭാവിയിൽ കൂടുതൽ ശ്രദ്ധേയയായ എഴുത്തുകാരിയായി ഐഷു തീരും എന്ന് നിസ്സംശയം പറയാം.
*********