കവിതകൾ - മോളി
*********
1.
കണ്ണുകൾ കൊടുക്കരുത്
*********
നിൻ്റെ കണ്ണുകൾ
കാഴ്ചപോയ നക്ഷത്രങ്ങൾക്ക്
കൊടുക്കരുത്
കാഴ്ച കിട്ടിയാൽ
കാലം തെറ്റിയ മഴയിലൂടെ
അവ ഭൂമിയിലേയ്ക്കിറങ്ങി വരും
തണുപ്പിൻ്റെ വാതിൽ തുറന്ന്
ഇരുട്ടിൻ്റെ ഓരോ മൂലയും
അരിച്ചുപെറുക്കും
ആരുമറിയാതെ
നമ്മളടച്ചു വെച്ച പ്രണയമെടുത്ത്
മോന്തിക്കുടിയ്ക്കും
നമ്മുടെ മുറിഞ്ഞു വീണ
സ്വപ്നങ്ങളുടെ
ചിറകുകൾ പെറുക്കി
കളിവഞ്ചികളുണ്ടാക്കി
കടലിലൊഴുക്കും
നമ്മുടെ മുറിവുകളിൽ
ദുസ്വപ്നങ്ങളരച്ചുപുരട്ടും
അവ
നിലാവിനെ ഉപേക്ഷിച്ച്
നിഴലുകളുമായി ഇണ ചേരും
ചക്രവാളങ്ങളെ വലിച്ചു നീട്ടി
ആകാശത്തിനു വേലികെട്ടും
മേഘങ്ങളെ മൺകുടങ്ങളിലടയ്ക്കും
അങ്ങനെ അങ്ങനെ
എല്ലാം
അതിനാൽ
ഒരിയ്ക്കലും നിൻ്റെ കണ്ണുകൾ കൊടുക്കരുത്
2.
പേരിൻ്റെ വേര്
******
എനിയ്ക്കൊരർത്ഥമുണ്ടെന്ന്
അന്നൊന്നും
ഞാനറിഞ്ഞിരുന്നില്ല
അച്ഛൻ
കാതിൽ വിളിച്ചുണർത്തിയപ്പോഴും
അമ്മ അതാവർത്തിച്ചപ്പോഴും
അതു വെറും രണ്ടക്ഷരം
എഴുതാനും
വായിയ്ക്കാനും
പഠിച്ചപ്പോൾ
ഞാനത്
എഴുതിയും വെട്ടിയും കളിച്ചു
ഒരു പേരിന്റെ
അനിവാര്യതയോടുള്ള
നിസ്സംഗത മാത്രം
നോവിന്റെ
രണ്ടക്ഷരങ്ങളോടുള്ള
കണ്ണീരണിഞ്ഞ
സഹതാപം മാത്രം
എന്നാൽ
അർത്ഥവും അർത്ഥരാഹിത്യവും പോലെ
കാറ്റും
മഴയുമുള്ളൊരു രാത്രിയിൽ
ഭാഷാ നിഘണ്ടുവിന്റെ
അകക്കാട്ടിലൊരിടത്ത്
എന്നെ ഞാൻ കണ്ടെത്തി
മുൾപ്പടർപ്പിനും വള്ളിക്കെട്ടുകൾക്കുമപ്പുറം
നനഞ്ഞു വിറച്ച് ....
MOLY: a fabulous herb with white flowers and black root ......."
വെളുത്ത പൂക്കളും
കറുത്ത വേരുകളുമുള്ള.........
പക്ഷെ
വർണ്ണങ്ങളുടെ
ഈ വിസ്മയത്തുരുത്തിൽ
വെളുത്ത പൂക്കൾക്കെന്ത്?
അതിനാൽ
ഇതളുകളിൽ
ചായം പുരട്ടുകയാണ് ഞാൻ
പല നിറത്തിലുള്ള
ചായങ്ങൾ...
*********
മോളി ആർ.എ.
കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് വിരമിച്ചു
(ഡെപ്യൂട്ടി രജിസ്ട്രാർ ). കോഴിക്കോട് ജില്ല കൂരാച്ചുണ്ട്
സ്വദേശിനി..
സ്‌കൂൾ പoന കാലം മുതൽ കവിതകളെഴുതുന്നു
മാധ്യമം ആഴ്ചപ്പതിപ്പ് ,
ഭാഷാപോഷിണി എന്നിവയിലും മറ്റ് ധാരാളം പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.
ഏഷ്യാനെറ്റ് ചാനലിൽ
കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്
ആകാശവാണിയ്ക്കു വേണ്ടി കവിതകളും
ചിത്രീകരണങ്ങളും എഴുതുന്നു.
മണിലാലിന്റെ
"സൂര്യനെല്ലി "
ഡോക്യുമെന്ററിയുടെ
അവതരണകവിത എഴുതി.
'അന്വേഷി' ലൈബ്രറി സംസ്ഥാന തലത്തിൽ നടത്തിയ കവിതാ മൽസരങ്ങളിൽ
1996 ലും 2002ലും ഏറ്റവും നല്ല കവിതയ്ക്കുള്ള സമ്മാനങ്ങൾ നേടി
സർവ്വകലാശാലയിലെ കലാ സാംസ്കാരിക സംഘടനയായ 'ആൾടി'ന്റ ഭാരവാഹി യാ ണ്
കോഴിക്കോട്ടെ പല കലാ സാഹിത്യ ഗ്രൂപ്പുകളിലും അംഗം.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും
ഇതര സാമൂഹിക പ്രവർത്തന രംഗത്തും സജീവം.
*********