എനിക്കും നിനക്കും തമ്മിലെന്ത്?

എനിക്കും നിനക്കും തമ്മിലെന്ത്?

എനിക്കും നിനക്കും തമ്മിലെന്ത്?        ( ഒറ്റക്കവിതാപഠനം)
**********
         റാബിയ ബീവി ഒ.ആർ
**********

മലയാള കവിതയുടെ ആധുനിക പരിസരത്ത് കൃത്യമായ ഇടപെടലുകളിലൂടെ,തൻ്റെ  എഴുത്തുകളിലൂടെ വ്യതിരിക്തമായ സ്ത്രീ അനുഭവ ഭാഷ്യങ്ങളെ നമുക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ള കവിയത്രിമാരിൽ ഒരാളാണ് ഡോ.മ്യൂസ് മേരി ജോർജ്.
              പെണ്ണുടലും, പ്രണയവും,അവളുടെ ഭാഷയും,സ്നേഹ പ്രകടനങ്ങളും ആണിൻ്റേതിൽ നിന്നും നൂറുമടങ്ങ് വ്യത്യസ്തമാണെന്നും അതിനെ തിരിച്ചറിയാനുള്ള പുരുഷശ്രമങ്ങൾ എങ്ങനെ വ്യർഥമായിപ്പോകുന്നുവെന്നും ടീച്ചർ തൻ്റെ കവിതകളിൽ തുറന്ന് കാണിക്കുന്നു.
             മനുഷ്യ ശരീരത്തിന് ഉപ്പിൻ്റെ ത്വരിതമായ അംശമില്ലാതെ നിലനിൽക്കാനാവില്ലെന്ന സത്യം ജീവശാസ്ത്രപരമായി തെളിയിക്കപ്പെട്ട ഒന്നാണല്ലോ. അപ്രകാരം നോക്കുമ്പോൾ മ്യൂസ്  ടീച്ചറുടെ "ഉപ്പ്തരിശ്" എന്ന തലക്കെട്ടിലെ ' ഉപ്പ് ' എന്ന ബിംബം "പ്രണയത്തെ" പ്രതിനിധീകരിക്കുന്നു. അത് വെറും പ്രണയമല്ല. " പെൺ പ്രണയമാണ്". തലോടിയാൽ തിരികെ ഉമ്മ വെക്കുകയും, തല്ലിയാൽ ഒറ്റ നോക്കിൽ ദഹിപ്പിക്കുകയും ചെയ്യുന്ന പെൺപ്രണയം.
                      പ്രണയം കൊണ്ട് പൂർണരാവാത്ത സ്ത്രീകളെ ഉപ്പതരിശ് എന്ന സമാഹാരത്തിൽ പല കവിതകളിൽ ടീച്ചർ വരച്ചു ചേർക്കുന്നുണ്ട്.അഥവാ ആൺ പ്രണയത്തിന് തൊട്ട് നോക്കാൻ പോലും ആവാത്ത അത്ര പൊള്ളിക്കുന്ന പെൺ പ്രണയത്തിലൂടെ ടീച്ചർ നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട് എന്ന് പറയാം.
             " എനിക്കും നിനക്കും തമ്മിലെന്ത് " എന്ന കവിതയിലും പെൺ പ്രണയത്തിൻ്റെ അനന്തസാധ്യതകളെക്കുറിച്ച്, അമൂർത്തമായ കാമനകളെക്കുറിച്ച് മ്യൂസ് ടീച്ചർ പറഞ്ഞു വെക്കുന്നു. ഇവിടെ പുരുഷൻ നിസ്സഹായനാണ്.അവന് സങ്കൽപ്പിക്കാൻ പോലും ആവാത്ത പ്രണയ കാമനകൾ ഉള്ള ഉപ്പുതരിശായി മാറിക്കൊണ്ടിരിക്കുന്ന പെണ്ണിനെ മുകരുമ്പോൾ, ഓരോ തവണയും അവൻ്റെ ആത്മാവ് പൊള്ളുന്നു.സ്വാഭാവികമായും അവളുടെ ചിരികൾ അവനെ അസ്വസ്ഥപ്പെടുത്തുന്നു.അവളുടെ വിരലറ്റത്ത് പോലും തൊടാതെ മാറി നിന്ന് തമ്മിൽ പ്രണയമാണെന്ന് അവൻ നടിക്കുന്നു.അതല്ലാതെ പുരുഷന് മറ്റ് സാധ്യതകൾ ഇല്ലാതാവുന്നു.അവൻ്റെ പ്രണയമില്ലായ്മയിൽ, അഭിനയങ്ങളിൽ ഉറഞ്ഞുറഞ്ഞ് സ്ത്രീ ഉപ്പ്തരിശായി തീരുന്നു
        "സൂര്യനെ      ഉടുത്തിറങ്ങിയ 
പെണ്ണിനെ 
പ്രണയത്തിനെന്ത്
ചെയ്യാനാവും"
               ഇവിടെ പ്രണയം എന്ന വാക്ക് പുരുഷനെ പ്രതിനിധീകരിക്കുന്നു.സൂര്യനെ പോലെ കത്തിജ്വലിച്ച് നിൽക്കുന്ന പെൺകാമനയെ വെറുമൊരു നീളൻ മേഘമായി വന്നു പൊതിയാൻ മാത്രമേ പുരുഷൻ്റെ പ്രണയത്തിന് സാധിക്കുന്നുള്ളൂ എന്ന് കവിയത്രി വ്യക്തമാക്കുന്നു. ആ പ്രണയസംഗമ നിമിഷങ്ങളിൽ അവൻ കരിഞ്ഞു തീർന്നാലും, തന്നിലെ പ്രണയ - ലൈംഗിക ശേഷികളെ മുഴുവൻ പെൺപ്രണയത്തിന് മുന്നിൽ തുറന്നു കാണിച്ചാലും അവൾക്ക് മേൽ അതൊരു ചാറ്റൽ മഴയായി മാത്രം വീശിപ്പോകുന്നുള്ളൂ.
          എന്നാൽ, അവളിലെ ഒരു തുള്ളി വിയർപ്പിന്  അവൻ്റെ നെറ്റി തുളച്ച് പുതു സൂര്യനാക്കാനുള്ള ശേഷിയുണ്ടെന്ന് എഴുത്തുകാരി പറഞ്ഞു വെക്കുന്നു. ആൺ - പെൺ പ്രണയങ്ങൾ ഉണ്ടായ കാലം മുതൽ തന്നെ "കാമം" എന്ന മൂർത്ത സങ്കല്പവും, അതിന് അപ്പുറത്ത് പുരുഷന് എത്തിച്ചേരാൻ ആവാത്ത പെൺകാമനകളുടെ അമൂർത്ത ലോകവും ഉണ്ടെന്ന സത്യം വിളിച്ചു പറയാൻ ശ്രമിക്കുകയാണ്  എഴുത്തുകാരി ഇവിടെ. 
       അത്തരത്തിൽ നോക്കുമ്പോൾ മ്യൂസ് ടീച്ചറുടെ ' എനിക്കും നിനക്കും തമ്മിലെന്ത് ' എന്ന കവിത ഇന്നോളം നിലനിൽക്കുന്ന ആൺ - പെൺ പ്രണയബന്ധങ്ങളുടെ , കാമനകളുടെ പൊള്ളയായ പച്ചത്തുരുത്തുകൾ തുറന്ന് കാണിക്കുകയാണ്  എന്ന് പറയാം.

**********
റാബിയ ബീവി ഒ.ആർ
അസിസ്റ്റൻ്റ് പ്രൊഫസർ 
സെൻ്റ്. തെരേസാസ് കോളേജ് 
(ഒട്ടോണമസ്)
എറണാകുളം.
**********

Comments

(Not more than 100 words.)