കവിതകൾ - റാണി സുനിൽ.

കവിതകൾ  -   റാണി സുനിൽ. ********
1.
നിങ്ങളോടാണ്.
*******
സോനാഗച്ചി തേടിയാണെത്തിയതെങ്കിൽ
അവർക്കുള്ള പങ്ക് കൊടുത്തിട്ടുപോവുക.
ഇല്ലാത്തോരു സ്വർഗ്ഗമാണല്ലോ  വാഗ്ദാനം. 

ഉടലിന്റെയാവശ്യമെന്നൊരു 
വിശപ്പിൽ 
കണക്കുകൂട്ടിക്കിഴിയ്ക്കാതെ 
ഉള്ളതുമുഴുവൻ വിളമ്പി
അന്നവരുടെ അന്നമാവുമ്പോൾ 
ചുവന്നചുണ്ടുകൾ  വിതുമ്പട്ടെ. 

"ആദ്യമാണെന്ന് "പതുങ്ങുന്നുവെങ്കിൽ,
പങ്കിട്ടാൽ ഇരട്ടിയ്ക്കുന്ന
ഒരുപൊതി ചോറും,
തോളുരുമ്മാനിത്തിരി സമയവും
കണ്ണിലിത്തിരി പ്രണയവും  കരുതിക്കൊള്ളുക.
അല്ലെങ്കിലെല്ലാം 
പാതിവെന്തപോലെയപൂർണ്ണമല്ലേ. 

വല്ലപ്പോഴുമാണായിടവഴിയിലെങ്കിൽ,
വിശേഷമാരാഞ്ഞ്, 
സമ്മതപത്രമെടുത്തുമാത്രം ചുണ്ടിലേയ്ക്കും  ചൂടിലേയ്ക്കുമിറങ്ങുക .
ഇരുട്ടറകളിലെ ഒരേയൊരു
 മിന്നാമിനുങ്ങാവാനുള്ള ഭാഗ്യം 
അന്നുനിങ്ങളുടേതാവാം. 

ചേരിയിലെ ഇടുങ്ങിയ വാതിലുകൾ
നിങ്ങൾക്കു ശീലമെങ്കിൽ,
മരണക്കിണറിന്റെയാഴമാരാഞ്ഞ് 
നാളെയുണ്ടെന്ന് നിലാവ് ഇരുട്ടിനോട്  പടവെട്ടുന്നത്
പാതിതുറന്ന ജനാലപ്പഴുതിലൂടെ കാട്ടിക്കൊടുക്കുക.
പിന്നീടവരുടെ സ്വപ്നങ്ങളിൽ
വഴിവാണിഭക്കടകൾ കിലുങ്ങട്ടെ. 

നിങ്ങളോടാണ്.. 

രതിയുടെ വില്പനശാലകളെന്നു
ലേബലൊട്ടിച്ച് ജയിൽ മാത്രമൊഴിവാക്കിയെങ്കിലും 
അതിജീവനത്തിന്റെ സൂചിമുനയിൽ വിലപേശരുതെ..
ഒരു തരിവെട്ടമവിടെ കൊളുത്തിപ്പോവുക.
ഒരിയ്ക്കൽ സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽപ്പടിയിൽ,
തമ്മിൽ കണ്ടുമുട്ടാതിരിക്കില്ല. 

അവരോട്.. 

എത്രജന്മം  ജനിച്ചാലാണെനിയ്ക്കാ 
കനലുറങ്ങിയ കണ്ണുകളിൽ നോക്കാനെങ്കിലുമാവുക.

2.
ട്രപ്പീസ് കളി 
*******

കുറവുകളുടെ 
ആഴങ്ങളിലേക്ക് 
അപ്പൂപ്പൻതാടിയാകുന്നവരെ 
അറിയാഞ്ഞിട്ടാണ്. 

കൈവിരിച്ചു 
കാലുകൾ അഴിച്ചു 
കണ്ണടച്ച് 
ചിറകുകൾ  അനക്കാതെ
താഴേക്ക്‌. 

ഭയമോ ആകുലതയോ തട്ടാതെ
ഒഴുകുന്ന തൂവലിൽ 
തൊട്ടുപോകുന്ന
കാറ്റിനുപോലും കുളിര്. 

നിരുപാധികം 
വിട്ടുകൊടുത്തതിനാൽ 
പരാജയക്കിണറിന്റെയാഴം 
അളക്കപ്പെടുന്നതേയില്ല. 

വീണിടത്തു കിടന്ന് മുളച്ചവരും,
തിരിഞ്ഞുമറിഞ്ഞു
ഇഴഞ്ഞു
മുറിവുണക്കി 
കയറിപ്പടർന്നവരുമാണ് ചുറ്റിനും. 

ഇരുവശവും ഒരേപോലെ 
വലിയുന്ന
വടത്തിന്റെ
ഒത്ത നടുവിൽക്കെട്ടിയ 
ചുമന്ന റിബണിന്റെ
ചലനമാണ്  ബാലൻസിംഗ് 
എന്നാർക്കാണറിയാത്തത്. 

മുറുക്കി വലിച്ചു,
അരയിൽ കടഞ്ഞു
ശ്വാസം മുട്ടുന്നതിനാണോ
സുഖം  ,സ്വസ്ഥം , ജയം
എന്നൊക്കെ നുണപ്പേരിട്ടത്? 

വലിച്ചുകെട്ടിയ ഒറ്റച്ചരടിൽ 
പെരുവിരൽകുത്തി
ബാലൻസ് ചെയ്യാനായിരുന്നു
ഉപദേശങ്ങളെല്ലാം. 

ജീവിതമൊരു  ഞാണിന്മേൽ കളിയാണെന്ന്
യുദ്ധം ചയ്തുകൊണ്ടേയിരിക്കണം  എന്ന് ! 

കരയാൻ തോന്നിയിട്ടും
കരയാതിരിക്കുന്ന  തെറ്റിനും,
ചിരിക്കാൻ മുട്ടിയിട്ടും
ചിരിക്കാതിരിക്കുന്ന തെറ്റിനും 
ദൈവമുണ്ടെങ്കിൽ..
ക്ഷമ ചോദിക്കട്ടെ!" 
**********

റാണി സുനിൽ:

ഇടുക്കി കട്ടപ്പന  സ്വദേശിയാണ്. 
ലണ്ടനിൽ നഴ്സ് ആണ്.
കവിത സമാഹാരം -
ഓർമ്മകൾ സുക്ഷിയ്ക്കാനുള്ളതല്ല.
************

Comments

(Not more than 100 words.)