സ്നേഹത്തിൻ്റെ വിഭിന്ന ലോകങ്ങൾ - വേദനയുടേയും. ( ഡോണ മയൂരയുടെ ഐസ് ക്യൂബുകൾ എന്ന സമാഹാരത്തിൻ്റെ പ0നം)

സ്നേഹത്തിൻ്റെ വിഭിന്ന ലോകങ്ങൾ - വേദനയുടേയും.
( ഡോണ മയൂരയുടെ ഐസ് ക്യൂബുകൾ എന്ന സമാഹാരത്തിൻ്റെ പ0നം)
**********
           - സിമിത ലെനീഷ്
           *******

മലയാള കവിതാലോകത്ത് വ്യത്യസ്തമായ ചിന്താധാരകളിലൂടെ സജീവമാണ് ഡോണമയൂര എന്ന കവി. വിഷയ സ്വീകരണത്തിലെ വ്യത്യസ്ത കൊണ്ടും സാഹിത്യ ജീവിതത്തിൽ സ്വീകരിക്കുന്ന പുതുമകൾ കൊണ്ടും അവർ ശ്രദ്ധയമായി മാറിയിരിക്കുന്നു .ലോക സാഹിത്യത്തിലെ പുത്തൻ രീതികളെ പരിചയപ്പെടുത്തുന്നതോടൊപ്പം കവിതകളിൽ അനായാസമായി അത് ചേർത്ത് വയ്ക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു . മാറിയ കാലത്തിൻ്റെ മാറിയ കവിയാണ് ഡോണ. കവിതയുടെ രാഷ്ട്രീയം അതിലെ വാക്കുകൾ കൊണ്ട് തീർക്കണമെന്ന് കവി തന്നെ പറയുന്നുമുണ്ട്. കവിതയിലെ വിശാലമായ ഇടങ്ങളാണ് കവിയുടെ ചിന്തയെ ഉയർന്ന തലത്തിലേക്കെത്തിക്കുന്നത്.

കവിതയുടെ ലക്ഷ്യം തന്നെ മാറുന്ന കാലത്തോടുള്ള പൊരുതലും ചെറുത്തുനിൽപ്പുമാണ്. വിപരീത അർത്ഥ ധ്വനികളിലൂടെ കവിതകൾ മനോഹരമായി മാറുന്നതോടൊപ്പം കവിതാ വഴികളിലെ വ്യത്യസ്തതയും എടുത്ത് കാണിക്കുന്നു.

''ഞാൻ ജീവിതത്തിൻ്റെ ആലയിൽ 
പെട്ടുപോയൊരു ഇരുമ്പുദണ്ഡ് ഓരോതവണയും പ്രഹരമേൽക്കുമ്പോൾ 
മുന കൂർക്കുകയോ മൂർച്ചയേറുകയോ 
ചെയ്യുന്നൊരു ഇരുമ്പുദണ്ഡ് അടുക്കരുത് വേദനിപ്പിക്കും മുറിവേൽപ്പിച്ച് " (ഞാൻ )

ഡോണാ മയൂരയുടെ ഐസ് ക്യൂബുകൾ എന്ന സമാഹാരത്തിലെ കവിതകൾ വായിക്കുമ്പോൾ ആദ്യം വായിക്കേണ്ട വരികളാണിത് .കൂടെ ചേർത്ത് വായിക്കേണ്ടത് കുമ്പസാരം എന്ന കവിതയിലെ വരികളാണ്

"തലതെറിച്ചതാ ഉടൽ ബാക്കിയുണ്ട് ഉടലോടെ സ്വർഗ്ഗത്തിൽ പോകേണ്ടതല്ലയോ "

കാലത്തിൻ്റെയും സമൂഹത്തിൻ്റെയും വിലക്കുകളെ പൊട്ടിഞ്ഞെറിഞ്ഞ് ഒരു കവി പ്രതിഷേധിക്കുന്നതിൻ്റെ മനോഹര കാഴ്ചയാണ് ഐസ് ക്യൂബുകൾ .ഡോണ വെല്ലുവിളിക്കുന്നത് സാമ്പ്രദായിക പാരമ്പര്യ ധാരണകളെയും പൊതുബോധത്തെയുമാണ്.ഈ ബോധത്തോട് ചേർന്ന് പോകാത്ത വ്യത്യസ്തരായ മനുഷ്യരെ അവരുടെ ജീവിതത്തെ നോക്കി കാണുമ്പോൾ ഒന്ന് ചിന്തിക്കണമെന്ന് അവരുടെ കവിത ഓർമപ്പെടുത്തുന്നു

"തമ്മിൽ പിരിയുന്നത് എങ്ങിനെയായിരിക്കണം എന്നതിനെ പറ്റി ആയിരുന്നു കണ്ടുമുട്ടിയപ്പോഴേ 
ഞാൻ ചിന്തിച്ചിരുന്നത് അത്രമേൽ നിന്നെ ഇഷ്ടമായതുകൊണ്ട് "

(ഐസ് ക്യൂബുകൾ)

പ്രണയം ഇന്നത്തെ കാലത്ത് നിലനിൽപ്പുമായി ചേർന്ന് പോകുന്ന ഒരു സാധാരണ അനുഭവമായി മാറുന്നതുകൊണ്ടാണ് നിന്നെ കണ്ടുമുട്ടിയപ്പോൾ പിരിയുന്നത് എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചു തുടങ്ങിയത് 
കവിത പലപ്പോഴും പുറത്തേക്ക് നീണ്ടു നിൽക്കുമ്പോഴാണ് ഹൃദയത്തിലേക്ക് കൂടുതൽ അടുക്കുന്നത് എന്ന് ഡോണാ മയൂരയുടെ കവിതകൾ പറയുന്നു .പുതുകാലത്തിൻ്റെ കാഴ്ചകളെ ,ബന്ധങ്ങളെ ആരോടും അടുപ്പം ഇല്ലാതെ പോകുന്ന മനുഷ്യരെയെല്ലാം നമുക്കുമുന്നിൽ കവിതകളായി നിരത്തി വയ്ക്കുന്നു .മാറിയ കാലം ആവശ്യപ്പെടുന്ന അതേ മാറ്റത്തോടെ തന്നെ.

"കൈക്കുടന്ന നിറയെ കോരിയെടുത്തിരുന്ന വെള്ളമാണ് 
സ്നേഹമെന്നുകരുതി
കാണെക്കാണെ കൈമുട്ടിലൂടതൊലിച്ചിറങ്ങി തീർന്നു പോയപ്പോൾ പിടഞ്ഞു പക്ഷേ കയ്യിൽ അവശേഷിച്ചിരുന്ന ആ നനവ് അതായിരുന്നു സ്നേഹം "

പുത്തൻ കാലത്തിലെ കവിതകൾക്ക് കാമ്പില്ലെന്ന് പറയുമ്പോഴും പല തലതിരിഞ്ഞ ആശയങ്ങളിലൂടെ ഡോണ മയൂര നമ്മെ ചിന്തിപ്പിക്കുന്നു. പ്രണയത്തിൻറെ ആലസ്യവും അടുപ്പവും ദുരന്തവും നിറയുന്ന കവിതകൾ ജീവിതത്തിൽ നിന്ന് എടുത്തു വെച്ചതാണോ എന്ന് തോന്നിപ്പോകുന്നു. വായനക്കാരനെ ചിന്തയുടെ ലോകത്തിലേക്ക് നയിക്കാൻ ഡോണക്ക് കഴിയുന്നു. എവിടെയൊക്കെയോ കെട്ടു മുറുകികിടക്കുന്ന ചങ്ങലകളെ വളരെ നിസാരമായി ഡോണ പൊട്ടിച്ചെറിയുന്നു .മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടുകൾ തന്നെയെന്ന് ഡോണ പറഞ്ഞ് വെയ്ക്കുന്നു.

ജീവിതത്തിലെ അനുഭവങ്ങളുടെ തിരക്ക് നിറഞ്ഞ ആവിഷ്ക്കാരമാണ് ഐസ്ക്യൂബിൽ കൂടുതലായും ഉള്ളത്. അതിൽ പ്രണയവും ദാമ്പത്യവും ഒരു മനുഷ്യനിൽ സൃഷ്ടിക്കുന്ന വിള്ളലുകൾ വളരെ ഭംഗിയായി ഡോണ വിവരിക്കുന്നു .പലപ്പോഴും അത് സ്നേഹത്തിൻ്റെ അനുഭവ പാഠങ്ങളായി തീരുന്നു.

"ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്
ആ ചുണ്ടത്ത്. "

ഒരു ചുംബനത്തിലൂടെ പോലും മരണപ്പെട്ടു പോകുന്ന സ്നേഹങ്ങൾ ഉള്ള ഭൂമിയിൽ ഈ വരികൾ സ്നേഹാന്വേഷികൾക്ക് ഒരു വേദനയാകുന്നു.

"ഒരേകടലിലെത്തുമ്പോൾ പോലും 
മിഴിയും മഴയും പുഴയും കരയും 
സമാന്തരങ്ങളായിത്തന്നെ സഞ്ചരിക്കേണ്ടി വരുന്നു"
( ഒരേ കടൽ)

സ്നേഹത്തിൻ്റെ പൂർണ്ണത എന്ന് വിശ്വസിക്കുന്ന ജീവിതത്തിൽ പോലും സമാന്തരങ്ങൾ ആയി മാറേണ്ടി വരുന്ന മനുഷ്യർ ഒരു ചോദ്യചിഹ്നമാണ്. ഒരുമിച്ചു ജീവിക്കുക എന്നതാണ് ആണ് ഏറ്റവും വലിയ സ്വപ്നമെന്ന് നിനക്കുമ്പോഴും ജീവിതത്തിൻ്റെ വൻകരകളിൽ എവിടെയോ അവർ അകന്നു മാറുന്നു. സ്നേഹത്തിൻ്റെ രസതന്ത്രത്തിൽ ഇഴചേർത്ത് കെട്ടിയ ഒരറ്റമാണ് അകൽച്ചയും അതിന് കാരണമാകുന്നത് സ്നേഹ കൂടുതലുമാകാം.അത്തരം വൈരുദ്ധ്യങ്ങളിൽ തട്ടി ജീവിതം ചിതറിപൊടിഞ്ഞ് പോകുമ്പോൾ മനുഷ്യർ സ്നേഹാന്വേഷികളായി മാറുന്നു.അതുകൊണ്ടാണ്
"നീന്തൽ അറിയാത്തവർ
മുങ്ങിമരിക്കാതിരിക്കാൻ വൃഥാ കുടിച്ചു വറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രളയമാണ് പ്രണയം"( പ്രളയം)
എന്ന് കവിക്ക് എഴുതേണ്ടി വരുന്നത്.

ഐസ്ക്യൂബുകൾ എന്ന സമാഹാരം ഒരു അന്വേഷണമാണ്.ഈ സമാഹാരം കണ്ടെത്തിയത് ഡോണ എന്ന കാൽപനികത കുടിച്ച് വറ്റിച്ച കവിയെയാണ്. ഇന്നത്തെ ഡോണ മയൂര എന്ന കവി ഇതൊന്നുമല്ലാത്ത മറ്റൊരുവളായത് ഐസ് ക്യൂബുകളിൽ പങ്ക് വെച്ച വിഭിന്നാനുഭവങ്ങളിലെ അറിവുകളിലേക്ക് സഞ്ചരിച്ചപ്പോഴാണ്. മലയാള കവിതയിലെ നിറഞ്ഞ സാന്നിധ്യമായ് പുതുപരീക്ഷണങ്ങളുമായ് ഡോണ എന്ന കവി മുന്നേറുമ്പോൾ ഐസ് ക്യൂബുകൾ പകർന്ന് വച്ച സ്നേഹം വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു .

Comments

(Not more than 100 words.)