കവിത - ചിഞ്ചു റോസ
*********
നിങ്ങൾക്ക് അറിയാമോ?
********
എല്ലാ കൊല്ലവും ഡിസംബറിൽ, യേശുവിന്റെ മുഖഛായയുള്ള ഒരുത്തനുമായി ഞാൻ
പ്രേമത്തിൽ അകപ്പെടും
നേര് പറഞ്ഞാൽ അവൻ യേശു തന്നെയാണോയെന്നു എനിക്കിപ്പോഴും സംശയമുണ്ട്,
നല്ല കടും ചുവപ്പ് നിറമുള്ള കുപ്പായം
തോളിനു കുറുകെ വെള്ള ശീല,
കൈത്തണ്ടയിൽ പച്ച ടാറ്റൂ,
കൈവെള്ളയിൽ ചുവന്ന ആണിപ്പഴുതുകൾ
ചുറ്റിനും ഓറഞ്ചു വെളിച്ചം
എല്ലാ കൊല്ലവും നക്ഷത്രം തൂക്കുന്ന
ഡിസമ്പർ ഒന്നാംതിയതി തന്നെ കിഴക്കുനിന്നും പോരും
കൃത്യം ഇരുപത്തിനാലാം നാൾ വന്നു ചേരും
ആഹാ!...
ഈ വട്ടം ഞാനീ പാട്ട് പാടും
"എടാ യേശുവേ !.
ഇക്കോല്ലം
നമുക്കൊരേ പ്രായം 33...
നമുക്കൊരേ മോഹം...
നമുക്കോരെ ദാഹം... "
എന്നിട്ട് :...
നീ,നിന്റെ ഉപമകൾ എടുക്കാൻ മറന്നതു കൊണ്ട് ഞാൻ അതിയായി ആശ്വസിക്കും
പക്ഷെ ഒന്ന് ചോദിക്കട്ടെ?
അന്ന് കാണാതേ പോയ, കുഴിയിൽ വീണ
മുടന്തനായ ഒരാട്ടിൻ കുഞ്ഞു ഇല്ലേ?
അതിനെ നീയെന്തു ചെയ്തു?
99നെയും വിട്ടിട്ട് നീയെന്തു ചെയ്തു?
കഴിഞ്ഞയാണ്ടത്തെ പോലെ
സിഗരറ്റ് പുകച്ചു മുന്തിരി വീഞ്ഞ് കുടിച്ചു
ഉത്തരം മുട്ടി നില്കും,
എനിക്കറിയാം, ആരെങ്കിലുമല്ല
നീ തന്നെ വരുമെന്നോർത്ത് കുഴിയിൽ
വീണു കിടക്കുന്ന ആ കുഞ്ഞാടിനെ പ്രതി
എനിക്ക് സങ്കടം വരും,
അപ്പോൾ നീ......
"നോക്ക് ആകാശത്തിലൂടെ മുയൽ കുഞ്ഞുങ്ങളുടെ മാർച്ചു പാസ്ററ് നോക്ക്....
എന്നിട്ട് അമ്പിളിയതിരു വെക്കുന്ന
ആകാശയതിർത്തി കണ്ടു നമ്മൾ
പുൽക്കൂട്ടിൽ മലർന്ന് കിടന്നു പാടും
"ശാന്ത രാത്രി
ഗ്ലോറിയ....."
എന്നത്തേയും പോലെ യേശുവേ,
നീ വരുമ്പോൾ അനേകം
സമ്മാനപ്പൊതികളോ,
ആ മേലുടുപ്പോ
കാലുറയോ
എന്റെ ചിമ്മിനി വഴി
നീ എറിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ കരുതും...
കാണാതെ പോയ ഒരു ചില്ലി കാശിനു വേണ്ടി
വീട് മുഴുവൻ തിരഞ്ഞ വിധവയെ പോലെ
എന്റെ സങ്കേതം മുഴുവൻ ഞാൻ തിരഞ്ഞു നടക്കും
അവസാനം, ആ
മരകുരിശ് തന്നെ കിട്ടും
കിഴക്ക് വെള്ള കീറുമ്പോൾ
നമ്മുടെ നക്ഷത്രങ്ങൾ കറങ്ങാൻ തുടങ്ങും
ആ...
പിറക്കാൻ നേരം ആയെന്നു പറഞ്ഞു
നീയിറങ്ങി നടക്കും
ചെക്കനെ വഴി തെറ്റിക്കാതെ തന്നെ
കഴുവിൽ കയറ്റണമെ എന്റെ
മാലാഖമാരെ എന്ന് ഞാൻ കല്പ്ക്കും
പോട്ടെഡി റോസേന്നു പറഞ്ഞു
യേശു എന്റെ ചുണ്ടിൽ തന്നെ ഉമ്മ വെച്ചു പറയും
"ഹാപ്പി ക്രിസ്മസ് മാലാഖേ "
ഹാപ്പി ക്രിസ്മസ് രാജാവേ
*********
ചിഞ്ചു റോസ :
എറണാകുളം സ്വദേശിനി
നഴ്സിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. 2019-ൽ 'ഒരേ മു(ല)ഖശ്ചായയുള്ള പെണ്ണുങ്ങൾ' എന്ന കവിതാ സമാഹാരം പുറത്തിറങ്ങി.
ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
***********