പാസഞ്ചറിലെ പെൺമണം (കവിതാ സമാഹാരം) - ജിഷ കെ.

പുസ്തക പരിചയം
*********
പാസഞ്ചറിലെ പെൺമണം (കവിതാ സമാഹാരം) - ജിഷ കെ.
***************
       പുസ്തകം പരിചയപ്പെടുത്തുന്നത് - ബൈജു മണിയങ്കാല
        ****************

കവിത /ജീവിതം /തീയതി. 
••••••••••••••••••••••••••••••••••••
                  ബൈജു മണിയങ്കാല. 
                 •••••••••••••••••••••••••••••••••••

DD/MM/ YYYY എന്ന നമ്മുടെ കാലക്രമത്തിന്റെ ഫോർമാറ്റിൽ  എന്നെങ്കിലും മാറ്റം വന്നാൽ അന്ന് നിലവിൽ വന്നേക്കാവുന്ന പുതിയ കാലത്തിന്റെ അടയാളപ്പെടുത്തൽ  ഒരു പക്ഷേ ഇങ്ങനെയായിരിക്കും. 

അത്രമാത്രം കവിത മനുഷ്യ ജീവിതത്തിലേക്ക് ദൈനം ദിനചര്യയുടെ ഭാഗമായിട്ട് അധികകാലമായി. സിന്ധു നദിതട സംസ്‌കാരം പോലെ സോഷ്യൽ മീഡിയ ഒരു നദിയാവുകയും മനുഷ്യൻ അതിന്റെ കരകളിൽ അവനവന്റെ കവിതകളുമായി വന്നു താമസം ഉറപ്പിക്കുകയും ചെയ്തു. എന്ന് എന്നെങ്കിലും രേഖപ്പെടുത്താവുന്ന വിധം കവിത മനുഷ്യ ജീവിതത്തിൽ അത്രത്തോളം അടയാളപ്പെട്ട് തുടങ്ങിയിരിക്കുന്നു. 

എഴുതിയെഴുതി കവിതയിൽ ഞാൻ എന്ന വാക്ക് അന്തർമുഖനോ അഹംകാരിയോ അല്ലാതായി. അത് നിരന്തരം അവനവനിൽ നിന്ന് കവിതയിലൂടെ പുറത്തു കടന്നു. കവിത കളെയും കൂട്ടി അകത്തേക്ക് തിരിച്ചു വന്നു. നീയെന്നെ വാക്കിനോട്‌, നീയെന്നെ വരിയോട് തോളോട് തോൾ ചേർന്ന് നിന്നു. ഞാൻ എന്നത് എന്നെ സൂചിപ്പിക്കുന്ന പദമല്ലാതായി. ഞാൻ എന്നത് ഒരു പാപമല്ലാതായി. 

കവിത എന്നാൽ കവിത എന്ന വാർപ്പ് വ്യവസ്ഥകളിൽ നിന്നും പുറത്തായി. കവിത കവിതയിൽ നിന്നും പുറത്തിറങ്ങി. കവിത കവിതയോട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കവിത, കവിതയുടെ  അടിമത്വത്തിൽ നിന്നും. 
ഒരു കവിത മറ്റൊരു കവിതയെ ഭരിക്കുന്ന വ്യവസ്ഥിതിയിൽ നിന്നും പുറത്തിറങ്ങി. കവിത, കവിതയെ, കവിത കൊണ്ട് എന്ന വ്യവസ്ഥ നിലവിൽ വന്നു. കവിത ജീവിതത്തോട് തോളോട് തോൾ  ചേർന്ന് നിന്നു. 

സോഷ്യൽ മീഡിയ കാലങ്ങളിലാണ്, കവിത ഒരു സംസ്കാരം പോലെ മനുഷ്യനിലേക്ക് കൂടുതൽ കടന്നു കൂടിയത്. അഥവാ കവിതയുടെ പരപ്പ് കൂടുതൽ മനുഷ്യരിലേക്ക് ഒഴുകിപ്പരന്നു. കൂടുതൽ കവിത മനുഷ്യരിലേക്ക് എന്നെഴുതുമ്പോൾ കവിതയിലേക്ക് കടന്നു വന്ന മനുഷ്യർ കൂടുള്ള കിളി കളായി എന്ന്‌ വായിക്കുന്ന സുഖം കവിത കൊണ്ടു വന്നു. അങ്ങനെയായാൽ കവിത കൂടുതൽ വായനാസുഖം കൊണ്ട് വന്നാൽ മനുഷ്യർ കവിതകളി ലേക്ക് കൂടുതൽ അടുക്കാതെങ്ങിനെ? 

കവിത അങ്ങിനെയാണ്. അത് മനുഷ്യരെ കൂടുതൽ കൂടുതൽ തങ്ങളിൽ അടുപ്പിയ്ക്കുന്നതിന്റെ 'എന്തോ ഏതോ ' മാന്ത്രികത വരികളിൽ, ഭാവങ്ങളിൽ കൊണ്ടു വരുന്നു. 
കവിതകൾ പൗരന്മാരും കവിതകൾ തന്നെ ഭരണഘടനയും കവിതകൾ തന്നെ രാജ്യവുമാകുന്ന കാലഘട്ടത്തിലാവണം കവിതകളിൽ ഇനി ലോകം സ്വാതന്ത്ര്യം കൊണ്ടാടുന്നത്. 

ജിഷ കെ സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വായിക്കപ്പെടുന്ന, ചർച്ചചെയ്യപ്പെടുന്ന കവിയാണ്. ജിഷയുടെ കവിതകൾ ജീവിതത്തെ അത്രമേൽ കവിതയിൽ കവിതയ്ക്ക് മുകളിൽ പ്രതിഷ്ടിച്ചിരിക്കുന്നു. 

ജിഷയുടെ കവിതകൾ വിശ്വസിക്കുന്നത് ആത്മീയതയിൽ തന്നെയാണ്. അത് കവിതയുടെ അവസാനത്തെ അതിന്റേതല്ലാത്ത ദാ ർശനികതയിലേക്ക് വരികളിലൂടെ വലിച്ചിഴയ്ക്കുന്നില്ല. കവിതയുടെ ദർശനം വായനക്കപ്പുറം  ഉതിർന്നേക്കാവുന്ന ഒരു ദീർഘ നിശ്വാസത്തിലാണെന്ന് കവി വിശ്വസിക്കുന്നു. 

അത് കവിതയുടെ ആത്മാവ് ചേർത്തു ആത്മവിശ്വാസമായോ സമൂഹത്തെ ചേർത്ത് സാമൂഹ്യ വിഷയമായോ കൈകാര്യം ചെയ്യാനാണ് കവി എന്ന തലത്തിൽ നിന്ന് വിഷയങ്ങളെ  സമീപിക്കുന്ന ജിഷ ചെയ്യൂന്നത്. 

ഉടഞ്ഞു പോയ മനസിന്റെ കഷണങ്ങളെ കൂട്ടി വെച്ച് സമനിലക്ക് വേണ്ടി പൊരുതുന്ന ഒരു പോരാളിയുണ്ട് ജിഷയുടെ കവിതകളിൽ. തനിക്ക് ആരോടും ജയിക്കാൻ ആവില്ല, തനിക്ക് ആരെയും പരാജയപ്പെടുത്തുവാൻ കഴിയില്ല എന്ന് കവി ചേർത്തു പിടിക്കുന്ന സഹാനുഭൂതിയുണ്ട്, സഹവർത്തിത്വമുണ്ട് കവിതകളിൽ. 

ജിഷയുടെ കവിത ജീവിതത്തിന്റെ ഭരണ ഘടനയിൽ വിശ്വസിക്കുന്നില്ല. ഇല്ല എന്ന വാക്കിലാണ് കാലിക ജീവിതത്തിൽ ജനം കൂടുതൽ ജീവിച്ചിരിക്കുന്നത് എന്ന സത്യം കവിതകളിൽ കൃത്യമായി കാണാം. 

ജിഷ കവിതയിൽ എവിടെയും ഭാഷ ഉയരത്തിൽ വെയ്ക്കുന്നില്ല. ആർക്കും എടുക്കാവുന്ന കയ്യെത്തും ദൂരത്തു, കവിതയിലെ ഭാഷ ജിഷ എഴുതി സൂക്ഷിക്കുന്നു. കൃത്യമായ ലേബലിൽ..

അലകഷ്യമായ ഒരു ഗോത്ര സമൂഹത്തിലെ അലസമായ ഒരു നാടോടി സംസ്കൃതി കവി എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. ജിഷ എഴുത്തിൽ അതേ നിലപാടിന്റെ പിൻതുടർച്ചക്കാരിയാവുന്നു. 

താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന നമ്പൂതിരി വരകൾ പോലെ വരികളിൽ ഒഴുകിയിറങ്ങുന്ന നിത്യ ജീവിതത്തിന്റെ കൃത്യമായ ചിത്രങ്ങൾ ജിഷയുടെ കവിതകളിൽ കാണാം. 

അലസമായ  ഒരു മാടിയൊതുക്കൽ, അലസമായ ഒരു നിലവിളി, അലസമായി അടക്കം ചെയ്ത ഒരാത്മഹത്യ എന്നൊക്കെ വായിച്ച് എടുക്കാവുന്ന വിധം ജീവിതത്തെ അത്രമേൽ മുറുക്കിപ്പിടിക്കുന്ന പിടച്ചിലുകൾ കവിതയിൽ അവിടെയിവിടെ കാണാം. 

ജീവിതത്തിലുടനീളം പറിച്ചു നടാൻ വിധിക്കപ്പെടുന്നവരുടെ  ആന്തലിന്റെ കിളിർപ്പുകൾ, ഉറുമ്പിൻ തരികൾ അവരുടെ കൂടെ കരുതുന്ന പലായനത്തിന്റെ അസ്ഥികൂടങ്ങൾ, എഴുത്തുമഷി സുഗന്ധങ്ങളുടെ നെടിയ നെടുവീർപ്പുകൾ. 

വരികളുടെ ഒരു പക്ഷേ കൃത്യമായി പറഞ്ഞാൽ അക്ഷരങ്ങളുടെ കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തുവായി

ഉള്ളിൽ ജീവിതത്തെ വിളിച്ചുണർത്തുന്ന നിശബ്ദമായി വിളിക്കപ്പെടുന്ന വാങ്കായി കവിത അനുഭവിക്കുവാനാകും. 

ഒരർത്ഥത്തിൽ, ജിഷ ഈ കവിതാസമാഹാരത്തിൽ ജീവിതത്തെ കവിത കൊണ്ടഭിസംബോധന ചെയ്യും വിധം രചനകളെ ക്രമീകരിച്ചിരിക്കുന്നതായി കാണാം. 
കല ജീവിതത്തിന് എന്നതിൽ കവിതയും ജീവിതവും ഒന്ന് മറ്റൊന്നിനു പൂരകമായി പരസ്പരം പേരുകൾ പോലും വെച്ച് മാറി  ഇടാവുന്ന വിധം  തൻമയീ ഭാവം പൂണ്ടു അത്രയും ഇഴുകി ചേരുന്നത് കാണാം കവിത അതിന്റെ തലങ്ങളിൽ ഇവിടെ ശരിക്കും. 
ശലഭത്തിനെ പോലെ അതിന്റെ പ്രതലം കണ്ടെത്തുന്നു.
അതിൽ ചെന്നിരിക്കുന്നു. ഭൂമിയും ആകാശവുമെന്ന് വേർതിരിക്കാനാവാത്ത ഒന്ന് അത് പാറക്കലിൽ കൊണ്ട് നടക്കുന്നത് പോലെ കവിത ഇവിടെ ജീവിതവുമായി വേർതിരിവ് സൂക്ഷിക്കു ന്നില്ല എന്ന് കാണാം. അത് ജീവിത പ്രതലത്തിലെ കവിത തന്നെയാവുന്നു  എഴുത്തിന്റെ ശൈലി കൊണ്ട്.
കാതുകൾ   കൊണ്ട്  കൂർപ്പിച്ച്   അത്രത്തോളം  ശ്രദ്ധയോടെ വായിക്കേണ്ട ചില തലങ്ങൾ, ശബ്ദം കൊണ്ട്  വായിച്ചെടുക്കാവുന്ന  ചില വരികൾ കവിതയിലുണ്ട്. 

ഉദാഹരണം 
മുറിയിലെവിടെയും 
ഒരു നീരുറവ തിരയുന്ന
കണ്ണടക്കാലുകൾ 
വെച്ചുനോട്ടം 

നോട്ടത്തിൽ വീഴുന്ന തുള്ളിയുടെ ഒച്ചയുണ്ട് 
കണ്ണീരോലിപ്പുണ്ട് 
അതേ സമയം 
എത്രയോ നോട്ടങ്ങളുടെ വരൾച്ചയുണ്ട്. 

പെൺ ശവം എന്ന വേർതിരിവ്  ഒരു പക്ഷേ പിളർക്കുന്ന  വേർതിരിവ് സ്ത്രീയെന്ന ഉത്സവത്തിനു മരിയ്ക്കും മുൻപേ പെണ്ണായ  ഞാൻ മരണശേഷം  പെൺശ്മശാനങ്ങളിലേക്ക് നോക്കുന്നുണ്ട് എന്ന വരികളിൽ തൊട്ട് തൊട്ട് കാണാം. മണിയിലും മരത്തിലും  നിശ്വാസത്തിന്റെ അറ്റത്തും കണ്ടെത്തുന്ന മരണങ്ങളിൽ  പെൺ മണം ജിഷ കണ്ടെത്തുന്നുണ്ട്. ഒച്ച വെയ്ക്കാതെ കാണിച്ചു തരുന്നുണ്ട്.
പെണ്ണാഴങ്ങളിലെ പെണ്ണിന്റെ അമൂല്യതയെ നിധി കളിലെത്തി നടത്തുന്ന അടയാളപ്പെടുത്തലുകൾ സുന്ദരമാണ്. പിണഞ്ഞു കിടക്കുന്ന വിഹ്വലതകളിൽ നാഗത്തിനെ എങ്ങും പറയാതെ അതിനെ സങ്കൽപ്പിക്കേണ്ടതും ഭയക്കേണ്ടതും വായനകളിലെ  നമ്മൾ ആണ്. 

വിറച്ചുതുള്ളും പനിത്തെയ്യങ്ങളുടുത്താടാൻ അറിവിന്റെ ചെറു വിരലനക്കത്തിന്റെ തിരച്ചിൽ ഉടലിന്റെ വടക്കാണ് നമുക്ക് കണ്ടെത്താനാവുക. 

'അസ്തമനപ്പുടവ '
കൺപീലി നനഞ്ഞോരു തുമ്പിചിറക് '
'വിതുമ്പലുകളിൽ  ചായ്ക്കപ്പെടുന്ന  തല  '.. 

മുതലായ ഒറ്റ വരികളിൽ സൂക്ഷ്മ കവിതകളുടെ മനോഹരമായ തുന്നിചേർപ്പാണ്. പാതി പെണ്ണുടലുള്ള ജീവിതമാവുകയാണ് ഇവിടെ കവിത. 
ഇവിടെ കവിത വസന്തത്തിന്റെ ത്രാസാവുന്നു. പൂക്കളെ അളന്നു വാങ്ങാനായേക്കില്ല. വിരിഞ്ഞു കൊണ്ടേയിരിക്കുന്നു അവ. വെള്ള നിറത്തിൽ തീ പിടിച്ച മുല്ലപ്പൂക്കൾ പോലെ, തീ പിടിച്ച പെണ്ണ് തലയിൽ വെച്ച പൂ പോലെ വളരെ സൗമ്യ മായ നിലയിൽ പുറമേ സൗമ്യമായി, ആന്തരീക മായി എല്ലാ പൂക്കളിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച നിലയിലും കവിതയെ ഈ പുസ്തകത്തിൽ കാണുവാനാകും. സൗന്ദര്യത്തിൽ സ്ത്രീക്ക് ഒന്നും ചെയ്യാനില്ല അവൾ ശക്തിയിലേക്ക് വളർന്നു നിൽക്കുന്നു 
.. തുരുമ്പിച്ച സൂര്യനാണ് രാമൻ. അനേകം മഷിപ്പച്ചച്ചെടികളിൽ സീത കിളിർത്തു നിൽക്കുന്നത് കാണുവാനാകും. പൂർണ്ണതയെ തേടൽ എന്ന സപര്യ ഒരു പക്ഷേ ഒരു വരി ഒഴിവാക്കി അല്ലെങ്കിൽ ആരുടെയോ വായനയെ കാത്തിരുന്ന്  കവിത തേടുന്നുണ്ട്.
ചില സ്ഥലങ്ങളിൽ കവിത ഓരോ വാക്കിനും ദാഹമുള്ള ബുദ്ധഭിക്ഷുവായും കവി തന്റെ നിലയിൽ ആശങ്കപ്പെട്ടു നിൽക്കുന്ന ചണ്ടാളപ്പെ  ങ്കിടാവായും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ചിലയിടങ്ങളിൽ ഖനിതൊഴിലാളിയെ പ്പോലെ, ചിലയിടങ്ങളിൽ വിശുദ്ധമായ നിശബ്ദത ആവശ്യപ്പെടുന്ന ദേവാലയത്തിനകം പോലെ വായിച്ചു മറി കടക്കുവാനാകാത്ത  ഏതോ വേഗത കവിത വരികളിൽ സൂക്ഷിക്കുന്നതായി  തോന്നും.
വായനയുടെ തേനീച്ചപ്പറക്കലുകൾക്കപ്പുറം  ഓർമ കൊണ്ട് സാംസ്‌കരിച്ചെടുക്കേണ്ട തേൻ പോലെ ഒന്ന് എപ്പോഴൊക്കെയോ വായനയ്ക്കപ്പുറം ഊറി വരാവുന്നത് കവിതയിൽ വരികൾക്കിടയിൽ കവി സൂക്ഷിച്ചു വെയ്ക്കുന്നു..
നൂറു ശതമാനം പാസ്സന്ജറിലെ പെണ്മണമാണ് ചില വായനകളിൽ ജിഷയുടെ കവിതകൾ. 

പകലുകൾ ഓരോന്നും ആടുകളാവുകയും സൂര്യൻ ഒരാട്ടിടയനുമാകുന്ന ഇടത്തേയ്ക്കു നൂറു സൂര്യൻമാരെ തെളിച്ച് ഒരു പെൺ ആട്ടിടയത്തി വരും പോലെ ജാലകത്തിലേയ്ക്കും വാതിലിലേയ്ക്കും തുളുമ്പുന്ന ഒരു വാക്ക് കൊണ്ട് നോക്ക് കൊണ്ട്, "പാസഞ്ചെറിലെ പെൺ മണം എന്ന ഈ  മനോഹര കവിതാ  സമാഹാരത്തിനെ സമീപിക്കുമ്പോൾ ഇതിനപ്പുറം ഒന്നും എഴുതുവാനാകുന്നില്ല. 

കവിത /ജീവിതം /തീയതി

*************

Comments

(Not more than 100 words.)