കവിത - അലീന ആകാശമിട്ടായി

കവിത - അലീന ആകാശമിട്ടായി

ആന

          - അലീന ആകാശമിട്ടായി 

 

അങ്ങനെയിരിക്കേ,

ഞങ്ങളുടെ വീട്ടിലേക്ക്

ഒരു വളർത്തു മൃഗം കൂടി.

കുറിഞ്ഞിപ്പൂച്ചയിൽ നിന്ന്,

സീസറിൽ നിന്ന്,

കോലാടിൽ നിന്നും ജേഴ്സിപ്പശുവിൽ നിന്നും

പരിണമിച്ച് വലുതായത്.

തെങ്ങിൻ ചോട്ടിൽ ചങ്ങല കിലുക്കി,

നീളൻ തുമ്പിക്കൈയ്യാട്ടി,

കൊടുങ്കാറ്റിന്റെ മൂളൽ പോലെ ചിന്നം വിളിച്ച്,

ഇരുട്ടിന്റെ വലിയൊരു പൊട്ടുപോലെ,

ആന.

പതുക്കെ പതുക്കെ അടുത്തു ചെന്നാൽ

ശ്വാസത്തിന്റെ ഘനം കേട്ടറിയാം.

കനം കുറഞ്ഞു കൂർത്ത ആണി പോലെ

ചെറിയ രോമങ്ങൾ,

ഭാഗ്യം കുടിയിരിക്കുന്ന വാല്,

ഇരുജോഡി കാലുകൾക്കിടയിൽ

ഭയത്തിന്റെ രഹസ്യം.

വടിവൊത്തു വെളുത്ത കൊമ്പ്.

ഞങ്ങളുടെ പ്രിയപ്പെട്ട ആന.

തുമ്പിക്കെ നീട്ടിപ്പിടിച്ച്,

ഉരലിൽ നെല്ലു കുത്തി അവിലാക്കും.

ഇഞ്ചിയും മുളകും തേങ്ങയും

അരകല്ലിൽ ചേർത്തരച്ച,

ചമ്മന്തി,

വിറകു പെറുക്കിക്കൂട്ടി ചേരിലടുക്കും.

പുര തൂത്തുതുടക്കും.

എല്ലാം കഴിഞ്ഞ്, ഇരുട്ടിത്തുടങ്ങുമ്പോ,

തെങ്ങിൻ ചോട്ടിലെ

ഇരുമ്പു ചങ്ങലകളിലേക്ക്

പരാതികളില്ലാതെ.

സ്വയം നടന്നു ചെല്ലും.

കരയിലെ ഏറ്റവും വലിയ മൃഗം.

അ അമ്മ.

ആ ആന.

 

അലീന ആകാശമിട്ടായി :

പുതു തലമുറയിലെ ശ്രദ്ധേയയായ കവി.സംഗീതം , മോഡലിംഗ് എന്നീ മേഖലകളിലും പ്രാഗൽഭ്യം. കൊച്ചി മുസിരിസ് ബിനാലെയിൽ ആർട്ട് മീഡിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധാനത്തിലും ആഭിമുഖ്യമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. സ്വദേശം പത്തനംതിട്ട .

Comments

(Not more than 100 words.)