കവിത - കല സജീവൻ
*********
മീനിന്റെ പര്യായങ്ങൾ
*********
ഒരു വെറും മീനിന് ധാരാളം പര്യായങ്ങളുണ്ട്.
മൽസ്യം, ഝഷം എന്ന് ഔദ്യോഗിക രേഖകളിൽ -
മീമി മീമി എന്ന് ഉണ്ണി വാവയും അമ്മയും
മാമുണ്ണുമ്പോ കൊഞ്ചിക്കും.
ഒന്നാം ക്ലാസിലെ റോസിലി ടീച്ചർ കേരളപാഠാവലിയിലെ ഇരുപത്തൊമ്പതാമത്തെ പാഠം പഠിപ്പിക്കുന്ന ദിവസം
പാവം കുട്ടിയ്ക്ക് സ്കൂളിൽ പോവാൻ പറ്റിയില്ല.
ആ ചരിത്ര സന്ധിയിൽ അവൾക്കു പനിയായിരുന്നു
അന്നാണ് മീൻ ഝഷമായി ക്ലാസിൽ അവതരിച്ചത്.
പരീക്ഷയ്ക്ക് ആ വാക്കു മാത്രം അവൾ തെറ്റിച്ചു
അമ്പതിലമ്പതു കിട്ടിയില്ല.
സ്ലേറ്റിലെ നാൽപത്തൊമ്പതു നോക്കി
കുട്ടി വീടു വരെ കരഞ്ഞു നടന്നു .
പിന്നീടിന്നേവരെ ഝ എന്ന്
എഴുതുമ്പോഴെല്ലാം അവൾക്കു
കൈവിറയ്ക്കുന്നു.
പിന്നീടിന്നേ വരെ അവൾ കാത്തു കാത്തിരുന്ന് ചൂണ്ടയിട്ടു പിടിച്ച മീനുകളെല്ലാം
വഴുതിപ്പുളഞ്ഞു വെള്ളത്തിലെത്തുന്നു.
വമ്പൻ സ്രാവുകൾ അവളെയും
കൊണ്ട് വെള്ളത്തിൽ മുങ്ങുന്നു.
മീനുകളിൽ നിന്നാണവൾ വഴുക്കലും നീന്തലും പഠിച്ചത്.
ഒരു വെറും മീനായിരുന്നവൾ
മൽസ്യകന്യകയായതങ്ങനെയാണ്.
*************
കല സജീവൻ:
തൃശ്ശൂർശ്രീകേരള വർമ കോളേജിൽ അസി.പ്രൊഫസറാണ്. ആമ്പല്ലൂരിൽ താമസം.
*********